വയനാട്ടിലെ ചൂരൽ മലയിൽ ഉരുൾപൊട്ടൽ ഉണ്ടായി നിരവധി പേർമണ്ണിനടിയിലായ വാർത്ത പുറത്ത് വരുമ്പോൾ പ്രളയം നശിപ്പിച്ച കവളപ്പാറ, പുത്തുമല, പെട്ടിമുടി ദുരന്തങ്ങൾ ഓർമ്മയിലെത്തുകയാണ്. കേരളത്തെ നടുക്കിയ ആ ദുരന്തങ്ങളുടെ അഞ്ചാം വാർഷികത്തിനോട് അടുപ്പിച്ചാണ് ഇപ്പോഴത്തെ ഉരുൾ പൊട്ടൽ. 2019 ഓഗസ്റ്റ് 8 ന് വൈകിട്ട് തുടങ്ങി രാത്രിയിലേക്ക് നീണ്ടു പെയ്ത മഴ വയനാട് പുത്തുമലയില്‍ ഉരുൾ പൊട്ടൽ സൃഷ്ടിച്ച് 17 ജീവനുകളാണ് കവർന്നത്. അതേ ദിവസം തന്നെ മലപ്പുറത്തെ കവളപ്പാറയിൽ നഷ്ടമായത് 59 പേരുടെ ജീവനുകളാണ്.
കവളപ്പാറയിലെ ദുരന്തത്തിൽ മൊബൈൽ ടവറുകളും വൈദ്യുതി പോസ്റ്റുകളും ഉൾപ്പടെ തകർന്നതിനാൽ ദുരന്ത വാർത്ത പുറത്തെത്താൻ ഏറെ വൈകി. അതുകൊണ്ട് തന്നെ കവളപ്പാറയിൽ ആഘാതം കൂടുതലായിരുന്നു. ഓഗസ്റ്റ് ആദ്യം മുതൽ തന്നെ നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയുണ്ടായിരുന്നു. എന്നാൽ ആഗസ്റ്റ് എട്ടിന് വൈകുന്നേരം പെയ്ത മഴക്ക് ഭയാനകമായി ശക്തി കൂടുതലായിരുന്നു.
സംഹാരതാണ്ഡവമാടിയ മഴയോടൊപ്പം കവളപ്പാറയിലെ മുത്തപ്പൻ കുന്ന് ഇടിഞ്ഞ് ഇറങ്ങി. 42 വീടുകൾ ആണ് മണ്ണിനടിയിൽ പെട്ടത്. അന്നത്തെ ദുരന്തത്തിൽ മരണപ്പെട്ടത് 59 പേരാണ്. വാർത്താ വിനിമയ സംവിധാങ്ങൾ എല്ലാം തകർന്നപ്പോൾ പുറം ലോകം ഈ വാർത്ത അറിഞ്ഞത് 12 മണിക്കൂറോളം വൈകിയായിരുന്നു.11 പേർ ഇപ്പോഴും മണ്ണിനടിയിലാണ്.
പുത്തുമല ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം കുറവായിരുന്നു. എങ്കിലും അതിന്റെ ആഘാതം സമാനമായിരുന്നു. 12 മൃതദേഹങ്ങൾ പുത്തുമലയിൽ നിന്ന് കണ്ടെത്തി.കാണാതായ ആളുകളുടെ എണ്ണം പരിശോധിക്കുമ്പോൾ ഇപ്പോഴും അഞ്ചുപേർ പുത്തുമലയിലെ മണ്ണിനടിയിലുണ്ട്. സ്ഥിരീകരിക്കപ്പെട്ട കണക്കനുസരിച്ച് പുത്തുമല ഗ്രാമത്തിൽ 58 വീടുകൾ പൂർണമായും 22 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ഏക്കർകണക്കിനു കൃഷിയിടമാണ് മണ്ണിനടിയിലായത്. കവളപ്പാറയിലെ ആരാധനാലയങ്ങൾ, ക്വാട്ടേഴ്‌സുകൾ, വാഹനങ്ങൾ, എസ്റ്റേറ്റ് പാടി, കാന്റീൻ, പോസ്റ്റ് ഓഫീസ് എന്നിവയെല്ലാം ഉരുൾ പൊട്ടലിൽ തകർന്നടിഞ്ഞു. ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവർ ഇന്നും ആ ഓർമകളിൽ നിന്ന് മുക്തരായിട്ടില്ല.
2020 ആഗസ്റ്റ് ആറിനാണ് ഇടുക്കി ജില്ലയിലെ പെട്ടിമുടി ദുരന്തം നടന്നത്. അന്ന് പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ പൊലിഞ്ഞത് എഴുപത് മനുഷ്യ ജീവനുകളാണ്.അതിൽനാല് പേർ ഇന്നും കാണാമറയത്താണ്.
മൂന്നാറിൽ നിന്ന് 25 കിലോമീറ്റർ ദൂരെയുള്ള കണ്ണൻ ദേവൻ കമ്പനിയുടെ ഉടമസ്ഥതയിലുളള പെട്ടിമുടി തേയില എസ്റ്റേറ്റിലേക്ക് 2020 ആഗസ്ത് ആറാം തീയതി രാത്രിയാണ് മലവെള്ളം കുത്തിയൊലിച്ച് എത്തിയത്. ഒഴുകിയെത്തിയ ഉരുൾ നാല് ലയങ്ങളാണ് തകർത്തത്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതിനാല്‍ രാത്രിയില്‍ നടന്ന സംഭവം പുറംലോകം അറിഞ്ഞത് പിറ്റേ ദിവസം പുലർച്ചെ മാത്രമാണ്. പെട്ടിമുടിയിൽ നിന്ന് മാറി മറ്റൊരിടത്ത് താമസിച്ചിരുന്ന കണ്ണന്‍ ദേവന്‍ കമ്പനിയിലെ ഒരു ജീവനക്കാരന്‍ പുലര്‍ച്ചെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ദുരന്തഭൂമി കണ്ടു വിറങ്ങലിച്ചു പോയ അയാള്‍ കിലോമീറ്ററുകളോളം തിരികെ നടന്ന് രാജമലയിലെത്തി കണ്ണൻ ദേവൻ കമ്പനി അധികൃതരെ വിവരം അറിയിച്ചു. കമ്പനി അധികൃതര്‍ അഗ്നിരക്ഷ സേനയേയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
അപ്പോഴേക്കും 22 തൊഴിലാളി കുടുംബങ്ങളെയും അവർ ഒരു ജീവിതകാലം കൊണ്ട് സ്വരുക്കൂട്ടിയ സർവ്വതിനെയും ഉരുള്‍ തുടച്ച് നീക്കിയിരുന്നു.പെട്ടിമുടിയിലേക്കുളള പാലം തകർന്നതോടെ രക്ഷാപ്രവര്‍ത്തനവും പ്രതിസന്ധിയിലായിരുന്നു . ദുരന്ത സ്ഥലത്തു നിന്നും 14 കിലോമീറ്റര്‍ ദൂരത്തു നിന്നു വരെ രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ആ പ്രദേശത്തെ താമസക്കാരായി സർക്കാർ സ്ഥിരീകരിച്ച 82 പേരിൽ പന്ത്രണ്ട് പേരെ മാത്രമാണ് രക്ഷിക്കാനായത്. തെരച്ചിൽ ആഴ്ചകൾ നീണ്ട തിരച്ചിലിൽ 66 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.കണക്കനുസരിച്ച് പെട്ടിമുടിയിൽ നാല് പേർ ഇന്നും മണ്ണിനടിയിലാണ്.