വയനാട്: ദുരന്തമേഖലയിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴക്കെടുതി ഉണ്ടായ സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനത്തിന് എല്ലാ സന്നാഹങ്ങളും സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുന്ന സാഹചര്യമായിട്ടില്ലെന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
പൊലീസിന്‍റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി എല്ലാ സന്നാഹങ്ങളും അവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഫലപ്രദമായി കാര്യങ്ങൾ മുന്നോട്ട് പോകുമെന്നാണ് വിശ്വാസം. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവും വിളിച്ചിരുന്നു. എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. കുറച്ചു കൂടി സമയം കഴിഞ്ഞാൽ, മാത്രമേ എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താൻ സാധിക്കുകയുള്ളൂയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുണ്ടക്കൈ, ചൂരൽമല, അട്ടമല തുടങ്ങിയ പ്രദേശങ്ങളിലാണ് ചൊവ്വാഴ്ച പുലർച്ചെ ഉരുൾപൊട്ടലുണ്ടായത്. ഇതുവരെ 54 ജീവനുകളാണ് പൊലിഞ്ഞത്. രക്ഷാപ്രവർത്തനത്തിനായി കര, വ്യോമ, നാവിക സേനകൾ സംയുക്തമായി ശ്രമിക്കുന്നുണ്ട്. ഏഴിമലയിൽ നിന്ന് നാവിക സംഘം ദുരന്തഭൂമിയിലേക്ക് തിരിച്ചു. സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും ദുരന്തഭൂമിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.















