മേപ്പാടി: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമൂഹമാദ്ധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. തന്റെ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനകൾ പ്രിയപ്പെട്ടവരെ നഷ്ടമായവരോടൊപ്പമുണ്ടെന്നും, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
ഇന്നലെ രാത്രി ഒരു മണിയോടെയാണ് പ്രദേശത്ത് ആദ്യത്തെ ഉരുൾപൊട്ടലുണ്ടായത്. മുണ്ടക്കൈ ടൗൺ ഒന്നാകെ ഉരുൾപൊട്ടലിൽ ഇല്ലാതായ കാഴ്ചയാണ് ഇപ്പോഴുള്ളത്. ഇതുവരെ 56 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ പറയുന്നത്. എഴുപതിലധികം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. പല മൃതദേഹങ്ങളും കിലോമീറ്ററുകളോളം ഒഴുകി പോയിരുന്നു. മലപ്പുറം ജില്ലയിൽ ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 11 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ഇത് ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് നിന്ന് ഒഴുകിയെത്തിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ മുണ്ടക്കൈ ഭാഗത്തേക്ക് രക്ഷാപ്രവർത്തകർക്ക് പോലും കടന്നു ചെല്ലാനാകാത്ത സ്ഥിതിയാണ്. വനത്തിനുള്ളിലെ കുമ്പിളപ്പാറ മേഖലയിൽ അഞ്ച് മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞതായി ആദിവാസികൾ അറിയിച്ചിട്ടുണ്ട്. എന്നാൽ അധികൃതർക്ക് ഇതുവരെയും ഇവിടേക്ക് എത്താൻ കഴിഞ്ഞിട്ടില്ല.