വയനാട്ടിലെ മുണ്ടക്കൈ, അകമല, ചൂരൽ മല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി നടനും അമ്മ ട്രഷററുമായ ഉണ്ണി മുകുന്ദൻ. ദുരന്തത്തെ നേരിടാൻ ആവശ്യമായ സഹായങ്ങൾ എത്തിക്കണമെന്നും അത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ഉണ്ണി മുകുന്ദൻ പ്രതികരികരിച്ചു.
“വയനാട് പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ട്ടപെട്ടവർക്ക് ആദരാഞ്ജലികൾ. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. രക്ഷാപ്രവർത്തകർക്ക് വേണ്ട സഹായം ഒരുക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ദുരന്തത്തെ നേരിടാൻ നമ്മളെകൊണ്ട് കഴിയുന്നതൊക്കെ ചെയ്യാൻ ഓരോരുത്തരും ശ്രമിക്കുക”- ഉണ്ണിമുകുന്ദൻ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
മുണ്ടക്കൈ, അകമല, ചൂരൽ മല പ്രദേശങ്ങളിൽ രാത്രി രണ്ട് മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഒട്ടനവധി പേരാണ് മണ്ണിലും ചളിയിലും പുതഞ്ഞുപോയത്. വീടുകളിൽ കിടന്നുറങ്ങിയ പലരെയും കിലോമീറ്ററുകൾക്ക് അപ്പുറത്ത് നിന്നും മൃതശരീരങ്ങളായി മാത്രം കണ്ടെടുത്തുവെന്നത് ദുരന്തത്തിന്റെ വ്യാപ്തി അടയാളപ്പെടുത്തുന്നു. മരണസംഖ്യ 50 കടന്നു.