എറണാകുളം: കവളപ്പാറ, പുത്തുമല ദുരന്തങ്ങൾക്ക് സമാനമായ സാഹചര്യമാണ് വയനാട്ടിലെ ഉരുൾപൊട്ടലിന് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധർ. കവളപ്പാറയ്‌ക്കും പുത്തുമലയ്‌ക്കും സമാനമായ സാഹചര്യമാണ് വടക്കൻ കേരളത്തിൽ ഇപ്പോൾ ഉള്ളതെന്നും ഇതാണ് മേപ്പാടിയിലെ ഉരുൾപൊട്ടലുകൾക്ക് കാരണമായതെന്നും കുസാറ്റ് സർവകലാശാല കാലാവസ്ഥാ ശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.എസ്. അഭിലാഷ് പറഞ്ഞു.
ഉരുൾപൊട്ടൽ ഉണ്ടാകാൻ ഇടയായ സാഹചര്യം
ന്യൂനമർദ്ദപാത്തി
ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ കഴിഞ്ഞ രണ്ടാഴ്ചയായി ന്യൂനമർദ്ദപാത്തി സജീവമായി നിലകൊളുന്നു. ഇത് കാരണമാണ് കൊങ്കൺ മേഖലയുൾപ്പെടെ വടക്കൻ കേരളത്തിൽ അതിതീവ്രമായ മഴ ലഭിച്ചത്.
അതിതീവ്രമഴ
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ലഭിക്കേണ്ട ശരാശരി മഴയേക്കാൾ 50 മുതൽ 70% വരെ മഴയാണ് കഴിഞ്ഞയാഴ്ച അധികം ലഭിച്ചത്. ഇന്നലെ രാത്രി 24 സെന്റീമീറ്ററിന് മുകളിൽ അധികമഴയും ലഭിച്ചു.
ദുരന്ത ഭൂമി
2019-ൽ ഉരുൾപൊട്ടലുണ്ടായ കവളപ്പാറയ്‌ക്കും പുത്തുമലയ്‌ക്കും മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് മുണ്ടക്കൈയും ചൂരൽമലയും. അതീവ പരിസ്ഥിതി ലോല മേഖലയിൽ കനത്ത മഴകൂടി പെയ്തതോടെയാണ് ഉരുൾപൊട്ടിയത്.
വടക്കൻ കേരളത്തിൽ മിനി ക്ലൗഡ് ബേസ്റ്റ്
2-3 മണിക്കൂറിനുള്ളിൽ 15 മുതൽ 20 സെന്റീമീറ്റർ വരെ മഴ കിട്ടുന്നതിനാണ് മിനി ക്ലൗഡ് ബേസ്റ്റ് എന്നു പറയുന്നത്. ഇതിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ വടക്കൻ കേരളത്തിലുള്ളത്.