പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മെഹ്സിൻ നഖ്വി ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തേക്ക്. റൊട്ടേഷൻ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നിയമനം. നിലവിൽ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് എ.സി.സി പ്രസിഡന്റ്. നേരത്തെ നടന്ന എ.സി.സി മീറ്റിംഗിൽ ചർച്ചകൾ നടന്നിരുന്നു. രണ്ടുവർഷത്തേ ടേമിനാണ് ചുമതല. ജനുവരിയിലാണ് ജയ് ഷായുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടിയത്. അദ്ദേഹം ചുമതല ഒഴിയുമ്പോഴാണ് നഖ്വി ചുമതലയേൽക്കുക.
അടുത്തിടെ എഷ്യൻ ക്രിക്കറ്റ് കൗൺസിൽ 2025 ഏഷ്യാ കപ്പ് വേദി ഇന്ത്യയാകുമെന്ന് തീരുമാനിച്ചിരുന്നു. ടി20 ഫോർമാറ്റിലാകും മത്സരങ്ങൾ നടത്തുക. ഏഷ്യാ കപ്പിന്റെ 2027 എഡിഷൻ ഏകദിന ഫോർമാറ്റിൽ ബംഗ്ലാദേശിൽ നടത്തും. പാകിസ്താനിൽ അടുത്ത വർഷം ഫെബ്രുവരി-മാർച്ചിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ പോകുന്ന കാര്യം തീരുമാനമായിട്ടില്ല. അതേസമയം ഏഷ്യാ കപ്പിന് പാകിസ്താൻ ഇന്ത്യയിലേക്ക് വരുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.