തിരുവനന്തപുരം: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ദുരന്ത പ്രദേശത്തേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഡിസാസ്റ്റർ ടൂറിസം വേണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
കാഴ്ച കാണുന്നതിനായി ദയവായി ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുത്. അത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്നും സഹായങ്ങൾക്ക് 112 എന്ന നമ്പറിൽ വിളിക്കാമെന്നും പൊലീസ് പറഞ്ഞു. പൊലീസിന്റെ വിവിധ സാമൂഹ്യമാദ്ധ്യമ പേജുകളിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശമാണ് മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ഉണ്ടായത്. രണ്ടിടങ്ങളിലും നിരവധി വീടുകൾ നിലംപൊത്തിയിട്ടുണ്ട്. മരണസംഖ്യ നൂറിനടുത്തെത്തി. ദുരന്തമുഖത്തെ കാഴ്ചകൾ പകർത്താനും രക്ഷാപ്രവർത്തനങ്ങളുടെ വീഡിയോ ചിത്രീകരണത്തിനുമായി എത്തുന്നവർക്കാണ് പൊലീസ് പ്രധാനമായും മുന്നറിയിപ്പ് നൽകിയത്. ദുരന്തമുഖത്തേക്ക് അനാവശ്യ യാത്ര നടത്തി രക്ഷാപ്രവർത്തകർക്ക് മാർഗതടസം ഉണ്ടാക്കരുതെന്ന് നേരത്തെ മുതൽ അധികൃതർ അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസും മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഉരുൾപൊട്ടലിൽ മുണ്ടക്കൈയിലേയും ചൂരല്‍മലയിലേയും പലയിടങ്ങളിലായി 250 ഓളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയും ചെളി മണ്ണും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. സൈന്യത്തിന്റേയും എന്‍ടിആര്‍എഫിന്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.















