മേജർ രവിയുടെ പട്ടാള സിനിമകളിൽ വളരെ വ്യത്യസ്തവും ഏറെ അഭിനന്ദനങ്ങൾ ലഭിച്ച ഒന്നുമായിരുന്നു ‘പിക്കറ്റ് 43’ എന്ന പൃഥ്വിരാജ് ചിത്രം. ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ പിക്കറ്റ് 43 എന്ന ഔട്ട്‌പോസ്റ്റിന് കാവലിരിക്കുന്ന ഒരു സൈനികന്റെ കഥ. ഹവീൽദാർ ഹരീന്ദ്രൻ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിൽ ഒന്നായി മാറി. ഇപ്പോഴിതാ, പിക്കറ്റ് 43-ൽ നായകനാകേണ്ടിയിരുന്നത് ടോവിനോ തോമസ് ആയിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മേജർ രവി. ടോവിനോ നായകനാകുന്ന ‘നരിവേട്ട’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സംവിധായകൻ.
“ഒരു സിനിമ കണ്ടിട്ട് ആദ്യമായി ഒരാളെ തേടി പിടിച്ച് ഞാൻ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ അത് ടോവിനോയെയാണ്. വണ്ടിയെടുത്ത് തൃശ്ശൂരിൽ പോയി. അവിടെ രാത്രിയിൽ വിളിച്ചുവരുത്തി ടോവിനോയെ ഞാൻ അഭിനന്ദിച്ചിരുന്നു. ചെറിയ ഒരു റോളാണ്. ABCD എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു അത്”.
“സിനിമ കണ്ട ശേഷം ഞാൻ ടോവിനോയോട് പറഞ്ഞിരുന്നു, ‘മോനെ നീ ഒരുപാട് ദൂരം പോകും’ എന്ന്. അപ്പോൾ എന്റെ മനസ്സിൽ ടോവിനോയെ വച്ച് ഒരു സിനിമ ചെയ്യണം എന്നുണ്ടായിരുന്നു. ഇന്നേവരെ ഈ പയ്യൻ എനിക്ക് ഡേറ്റ് തന്നിട്ടില്ല. പക്ഷേ ഒരു കാര്യം പറയാം, അത് എന്റെ ചില തെറ്റുകൾ കൊണ്ടാണ്. പിക്കറ്റ് 43 എന്ന സിനിമ ഞാനും ടോവിയും കൂടെ ചെയ്യേണ്ടതായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല”-മേജർ രവി പറഞ്ഞു.















