പാരിസ് ഒളിമ്പിക്‌സിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ മെഡൽ നേടിയതിൽ സന്തോഷം പങ്കുവച്ച് മനു ഭാക്കറും സരബ്‌ജോത് സിംഗും. പാരിസ് ഒളിമ്പിക്‌സിൽ രണ്ടാം മെഡൽ നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മനു ഭാക്കറും മെഡൽ നേട്ടത്തിൽ സന്തോഷവാനാണെന്ന് സരബ്‌ജോത് സിംഗും പ്രതികരിച്ചു.
”മെഡൽ നേട്ടത്തിൽ അഭിമാനം തോന്നുന്നു. ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചാണ് നേട്ടത്തിലെത്തിയത്. മത്സരത്തിന് മുമ്പ് താനും സബ്‌ജോതും തങ്ങളുടെ പരാമവധി ശ്രമിക്കുമെന്നും ഫലം എന്തു തന്നെയായാലും ഉൾക്കൊള്ളുമെന്നും തീരുമാനിച്ചിരുന്നു. അവസാന നിമിഷം വരെയും ഞങ്ങൾ ആ ശ്രമം തുടർന്നു. ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി”. മനു ഭാക്കർ പറഞ്ഞു. ഫൈനലിൽ വളരെയധികം സമ്മർദ്ദം നേരിടേണ്ടി വന്നു. പക്ഷേ ഒളിമ്പിക്സ് വേദിയിൽ കാണികളിൽ നിന്ന് ലഭിച്ച പിന്തുണ പറഞ്ഞ് അറിയിക്കാവുന്നതിലും അപ്പുറമാണ്. മെഡൽ നേടാനായതിൽ സന്തോഷമുണ്ടെന്നും സരബ്‌ജോത് സിംഗ് കൂട്ടിച്ചേർത്തു.
ദക്ഷിണ കൊറിയൻ താരങ്ങൾക്കെതിരെ 16-10 എന്ന സ്‌കോറിനാണ് മനു ഭാകറും സരബ്‌ജോത് സിംഗും വെങ്കലം നേടിയത്. ആദ്യ റൗണ്ടിൽ 20.5 പോയിൻ്റ് നേടി കൊറിയക്കായിരുന്നു മുൻതൂക്കം. എന്നാൽ പിന്നീടുള്ള നാല് റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ താരങ്ങൾ മത്സരത്തിലേക്ക് തിരിച്ചെത്തി. 6-ാം റൗണ്ടിൽ കൊറിയൻ താരങ്ങൾ വെല്ലുവിളിയുയർത്തിയെങ്കിലും ഏഴാം റൗണ്ട് ഇന്ത്യൻ താരങ്ങൾ മുന്നിട്ടുനിന്നു. എട്ടാം റൗണ്ടും കൊറിയ നേടിയപ്പോൾ പിന്നീടങ്ങോട്ട് മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ സഖ്യം വെങ്കലം വെടിവെച്ചിടുകയായിരുന്നു.