പല്ലെകേലെ: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ സൂപ്പർ ഓവറിൽ തകർത്ത് അവിശ്വസനീയ ജയം സ്വന്തമാക്കി ഇന്ത്യ പരമ്പര തൂത്തുവാരി. ജയം ഉറപ്പിച്ച ലങ്കയെ തളച്ചത് സൂര്യകുമാർ യാദവിന്റെ അത്യുഗ്രൻ ക്യാപ്റ്റൻസിയും. പാർട് ടൈം ബൗളർമാരുടെ പ്രകടനവുമായിരുന്നു. ഇന്ത്യയുയർത്തിയ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്‌ക്ക് നിശ്ചി ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനെ സാധിച്ചുള്ളു.
അവസാന രണ്ടോവറിൽ 9 റൺസായിരുന്നു ലങ്കയ്‌ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആറു വിക്കറ്റും കൈയിലുണ്ടായിരുന്നു. 19-ാം ഓവറിൽ റിങ്കു സിംഗ് മൂന്ന് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് പിഴുത് ലങ്കയെ ഞെട്ടിച്ചു. അവസാന ഓവറിൽ പന്തുമായെത്തിയത് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. രണ്ടുവിക്കറ്റ് വീഴ്‌ത്തിയ സൂര്യകുമാർ വിട്ടു നൽകിയത് അഞ്ചു റൺസ്. ഇതോടെ മത്സരം സമനിലയിൽ. സൂപ്പർ ഓവറിൽ ലങ്കയ്‌ക്ക് നേടാനായത് രണ്ടു റൺസ്. രണ്ടു വിക്കറ്റ് നേടിയ വാഷിംഗ്ടൺ സുന്ദറാണ് ലങ്കയെ സൂപ്പർ ഓവറിലും ചുരുട്ടി കെട്ടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ ആദ്യ പന്തിൽ തന്നെ വിജയം നേടുകയായിരുന്നു,
കുശാൽ മെൻഡിസ് (43), കുശാൽ പെരേര(45) എന്നിവരുടെ ഇന്നിംഗ്സുകളാണ് ലങ്കയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത് കരുത്തായത്.നേരത്തെ ഇന്ത്യയുടെ മോശം ബാറ്റിംഗ് പ്രകടനമാണ് നീലപ്പടയെ ചെറിയ സ്കോറിൽ ഒതുക്കിയത്.39 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലായിരുന്നു ടോപ് സ്കോറർ.
സഞ്ജു സാംസൺ വീണ്ടും ഡക്കായി. റിയാന്‍ പരാഗ് 26 റണ്‍സെടുത്തു.യശസ്വി ജയ്‌സ്വാൾ(10),റിങ്കു സിംഗ്(1), സൂര്യകുമാർ യാദവ്(8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. രണ്ട് വിക്കറ്റ് വീതമെടുത്ത മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവാണ് ഇന്ത്യയെ തകര്‍ത്തത്. 18 പന്തില്‍ 25 റൺസെടുത്ത വാഷിംഗ്ടണ്‍ സുന്ദറിന്റെ പ്രകടനം നിർണായകമായി. ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ രവി ബിഷ്ണോയ്,റിങ്കു സിംഗ്, സൂര്യകുമാർ യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.