ജമ്മു: ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനുവേണ്ടി പ്രവർത്തിക്കുന്നയാളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി, കിഷ്ത്വാർ, ദോഡ ജില്ലകളിൽ നടന്ന തെരച്ചിലിനിടെയാണ് ഇയാളെ പിടികൂടിയത്. കശ്മീരിലെ ബന്ദിപ്പോര സ്വദേശി അബ്ദുൾ ഖലീലിനെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.
ഇയാൾ നിരോധിത ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തിന് വഴികാട്ടിയായി പ്രവർത്തിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൂഞ്ച് ജില്ലയിലെ സുരൻകോട്ടിൽ നിന്നും പിടികൂടിയ ഇയാളുടെ പക്കൽ നിന്നും പിസ്റ്റളും മറ്റ് ആയുധങ്ങളും ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഒന്നിലധികം പാകിസ്താനി സിം കാർഡുകളും ഒരു മൊബൈൽ ഫോണും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു.
നേരത്തെ പൂഞ്ചിലെ ഡെറാ കി ഗലി മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേന 12 ൽ അധികം ഗ്രാമങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. കശ്മീർ പൊലീസ്, രാഷ്‌ട്രീയ റൈഫിൾസ്, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് മേഖലയിൽ പരിശോധന നടത്തിയത്.















