ന്യൂഡൽഹി: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ മേഖലകളിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ദുരന്തത്തിൽ ഇതുവരെ 122 മരണങ്ങളാണ് സ്ഥിരീകരിച്ചത്. നിരവധിപേർ പരിക്കുകളോടെ ചികിത്സയിലാണ്.
“വയനാടുണ്ടായ ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്‌ടമായ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ദുഃഖിതരായ കുടുംബാംഗങ്ങളുടെ വിഷമത്തിൽ ഞാനും പങ്കുചേരുകയാണ്. ദുരന്തത്തിൽ അകപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും രക്ഷയ്‌ക്കായി പ്രാർത്ഥിക്കുന്നു,” വിദേശകാര്യമന്ത്രി എക്‌സിൽ കുറിച്ചു.
116 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയതായും മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ദുരന്ത വിവരം അറിഞ്ഞ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മറ്റ് ദേശീയ നേതാക്കളും വിളിച്ചിരുന്നതായും എല്ലാവിധ സഹായവും ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.
എൻഡിആർഎഫിന്റെ 60 അംഗ ടീം വയനാട്ടിലുണ്ട്. ഫയർഫോഴ്സിൽ നിന്നും 329 അംഗങ്ങളെ രക്ഷാദൗത്യത്തിന് നിയോഗിച്ചു. ഉത്തര മേഖല ഐജി, ഡിഐജി എന്നിവരും ദുരന്തമുഖത്ത് ക്യാമ്പ് ചെയ്യുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.















