അഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു മഴക്കാലത്താണ് കേരളം പകച്ചുനിന്ന് പുത്തുമല ദുരന്തമുണ്ടായത്. എന്തുചെയ്യണമെന്നറിയാതെ മരവിച്ച് നിൽക്കുന്നവർക്കിടയിലും അതിജീവനത്തിന്റെ അവസാന വാക്കായിരുന്നു നുറുദ്ദീൻ. ഇന്ന് മുണ്ടക്കൈ വാർഡിലെ മെമ്പറാണ് നുറുദ്ദീൻ. മണിക്കൂറുകൾക്ക് മുൻപ് വരെ കണ്ട് മടങ്ങിയ പ്രിയപ്പെട്ടവരുടെ മരവിച്ച ശരീരങ്ങൾ കണ്ട് നെഞ്ച് പൊട്ടുമ്പോഴും കയ്യും മെയ്യും മറന്ന് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിനാണ് നുറുദ്ദീനും പങ്കുച്ചേരുന്നത്.
പ്രകൃതിയുടെ ഓരോ ചെറിയ മാറ്റങ്ങളെ പോലും ഏറെ സൂക്ഷ്മതയോടെ ശ്രദ്ധിക്കുന്നയാളാണ് മെമ്പാറായ അദ്ദേഹം. പുഴയിലെ വെള്ളത്തിന്റെ നിറം മാറിയപ്പോൾ തന്നെ നുറുദ്ദീന് അപകടം മണത്തു. ഉടനെ വാട്സ്ആപ്പെടുത്ത് ഗ്രൂപ്പായ ഗ്രൂപ്പിലൊക്കെ മുന്നറിയിപ്പ് സന്ദേശം അയച്ചു. പുഴ വക്കിലാണെന്നും എല്ലാവരും നിർദേശങ്ങൾ പാലിച്ച് മാറാൻ തയ്യാറാകണമെന്ന സന്ദേശത്തിന് മഴ കുറഞ്ഞു മെമ്പറേ എന്നായിരുന്നു പലരുടെയും മറുപടി.
പുലർച്ചെ ഒന്നരയോടെയാണ് പ്രകൃതി ഉഗ്രരൂപിയായത്. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. രാത്രി എന്തെങ്കിലും സംഭവിച്ചാലോ എന്നുകരുതി നുറുദ്ദീൻ രാത്രി വൈകിയും മേപ്പാടിയിൽ തുടരുകയായിരുന്നു. ഫ്ലൈറ്റ് വരുമ്പോഴുള്ള ശബ്ദമാണ് കേട്ടത്. എന്നാൽ രണ്ടാമത്തെ വരവിൽ പ്രദേശമൊന്നാകെ തൂത്തുവാരിയെന്ന് അദ്ദേഹം പറഞ്ഞു. മഴയുടെ ശക്തി കൂടിയതോടെ ഭാര്യം മക്കളും ഭയന്ന് വിളിച്ച് കരഞ്ഞെങ്കിലും നുറുദ്ദീൻ നാടിനും നാട്ടുകാർക്കുമായി മേപ്പാടിയിൽ തങ്ങി. എന്നാൽ ഇന്ന് ആ നാടില്ല, വീടുകളും കടകളും റോഡും പാലവുമൊക്കെ ഉണ്ടായിരുന്നോയെന്ന് പോലും വിശ്വസിക്കാനാവത്ത വിധം ചൂരൽമലയെയും മുണ്ടക്കൈയെയും ഉരുളെടുത്ത് കഴിഞ്ഞു.
ഒരുപാട് മൃതദേഹങ്ങൾ മണ്ണിനടിയിലുണ്ടെന്നും അതെടുക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എനിക്കറിയാവുന്ന കുടുംബങ്ങളെ ആളുകളിൽ പലരെയും കണ്ടെത്താനായിട്ടില്ലെന്നും ഇതര സംസ്ഥാന തൊഴിലാളികളിലേറെ പേരും താമസിക്കുന്നയിടമായിരുന്നു ഇവിടെ. അവർ ശരിയായ വിവരങ്ങൾ തന്റെ പക്കൽ ഇല്ലെന്നും നുറുദ്ദീൻ നിസഹായനായി പറയുന്നു. ക്യാമ്പിലെത്തി കാര്യങ്ങൾ നോക്കി, അവരുടെ ആവശ്യങ്ങൾ നിറവേറ്റിയ ശേഷമാകും വീട്ടിലേക്കുള്ള നുറുദ്ദീന്റെ മടക്കം.















