തിരുവനന്തപുരം: വിഗ്രഹ മോഷണക്കേസിൽ പങ്കുണ്ടെന്ന് സംശയിച്ച് മണക്കാട് ശ്രീമുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രത്തിൽ നിന്ന് പൊലീസ് പിടികൂടി വിലങ്ങ് വച്ച് കൊണ്ടുപോയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. പൂന്തുറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ഫോർട്ട് അസി. കമ്മീഷണർ എ. പ്രസാദ് കമ്മീഷണർ ജി. സ്പർജൻ കുമാറിന് സമർപ്പിച്ചു. വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി. ക്ഷേത്രത്തിനുള്ളിൽ നിന്ന് പൂജാരിയെ വിളിച്ച് കൊണ്ടുപോയതും ജീപ്പിനുള്ളിൽ വിലങ്ങ് വച്ച് ഇരുത്തിയതും വീഴ്ചയായി.
അടുത്തിടെ പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിൽ നിന്ന് ഒരു കോടിയോളം രൂപ വരുന്ന പഞ്ചലോഹ വിഗ്ഹം മേഷണം പോയ കേസിന്റെ അന്വേഷണത്തിനിടെയാണ് അരുൺ പോറ്റിയെ പൂന്തുറ എസ്എച്ച്ഒയും സംഘവും കസ്റ്റഡിയിലെടുത്തത്. കേസിൽ പങ്കില്ലെന്ന് കണ്ടെത്തിയതോടെ ഇദ്ദേഹത്തെ വിട്ടയച്ച് പൊലീസ് തടയൂരി.
വളരെ മോശമായാണ് പെരുമാറിയതെന്ന് അരുൺ പോറ്റി നേരത്തെ പറഞ്ഞിരുന്നു. വാഹനത്തിൽ കയറിയതിന് പിന്നാലെ ചോദിച്ചത് അടിവസ്ത്രം ധരിച്ചിട്ടുണ്ടോയെന്നാണെന്ന് ചോദിച്ചത്. കുറ്റവാളികളോട് ചെയ്യുന്നത് പോലെ സെല്ലിനകത്ത് ആക്കിയശേഷമാണ് വിലങ്ങ് അഴിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അച്ഛനും അമ്മയ്‌ക്കും ചേർത്ത് അസഭ്യം പറഞ്ഞുവെന്നും ചെയ്യാത്ത കുറ്റത്തിനാണ് ഇത്രയേറെ അപമാനം ഉണ്ടായതെന്നും ഇതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്നും അരുൺ പോറ്റി നേരത്തെ പറഞ്ഞിരുന്നു.















