വയനാട്: ദുരന്തഭൂമിയായ മുണ്ടൈക്കയിൽ മണ്ണിൽ പുതഞ്ഞവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 400 വീടുകളുണ്ടായിരുന്ന ഗ്രാമത്തിൽ ഇന്നവശേഷിക്കുന്നത് 40 പേർ മാത്രം. ബുധനാഴ്ച രാവിലെ 11 മണി വരെയുള്ള കണക്ക് പ്രകാരം 158 പേരുടെ മരണം സ്ഥിരീകരിച്ചു.
രക്ഷാദൗത്യത്തിനായി പ്രധാന്യം നൽകുന്ന ഈ ഘട്ടത്തിൽ വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതുകൂടാതെ മൈസൂരിലേക്ക് പോകുന്നവരും വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്നാണ് കണ്ണൂർ ജില്ലാ ഭരണകൂടം നൽകുന്ന പുതിയ അറിയിപ്പ്. ഇരിട്ടി, കൂട്ടുപുഴ റോഡ് വഴി മൈസൂരിലേക്ക് പോകണമെന്നാണ് നിർദേശം.
മുണ്ടൈക്കയിൽ നിലവലിൽ കരസേനയുടെ നേതൃത്വത്തിൽ ബെയിലി പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. നാളെ വൈകിട്ടോടെ പാലം നിർമാണം പൂർത്തിയാകും. ചൂരൻമലയിൽ നിന്ന് മുണ്ടക്കൈയിലേക്കാണ് പാലം നിർമിക്കുന്നത്. പാലത്തിന്റെ പണി കഴിയുന്നതോടെ രക്ഷാപ്രവർത്തനം കൂടുതൽ സജീവമാക്കാൻ ദൗത്യസംഘത്തിന് സാധിക്കും.