ടെൽഅവീവ്: ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ മിലിട്ടറി കമാൻഡർ ഫുവാദ് ഷുക്കറിനെ വധിച്ചതായി ഇസ്രായേൽ സൈന്യം. ഇസ്രായേലിലെ ഗോലാനിൽ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ 12 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഗോലാനിൽ നടത്തിയ റോക്കറ്റ് ആക്രമണത്തിന്റെ സൂത്രധാരൻ ഫുവാദ് ആണെന്ന് ഇസ്രായേൽ സൈന്യം ആരോപിച്ചു.
വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഹിസ്ുബുള്ള മുതിർന്ന സൈനിക കമാൻഡറെ ബെയ്‌റൂട്ടിൽ വച്ച് കൊലപ്പെടുത്തിയതായി സൈന്യം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഗോലാനിലെ ഫുട്‌ബോൾ ഗ്രൗണ്ടിലേക്ക് ഹിസ്ബുള്ള റോക്കറ്റ് തൊടുത്തത്. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആക്രമണം നടന്നതിന് പിന്നിൽ ഫുവാദ് ആയിരുന്നുവെന്നും ഇസ്രായേൽ സൈനിക വക്താവ് അഡ്മിറൽ ഡാനിയൽ ഹഗാരി പറയുന്നു.
” ഇസ്രായേലിനെതിരെ ആക്രമണങ്ങൾ നടത്താൻ പദ്ധതികൾ തയ്യാറാക്കുന്ന ഹിസ്ബുള്ളയുടെ മുതിർന്ന നേതാവ് ഹസൻ നസ്രല്ലയുടെ വലംകയ്യായിരുന്നു ഫുവാദ് ഷുക്കർ. ഇസ്രായേലിലെ സാധാരണക്കാരുടേത് ഉൾപ്പെടെ നിരവധി പേരുടെ മരണത്തിന് ഉത്തരവാദിയായ തീവ്രവാദിയാണ് അയാൾ. ഇസ്രായേലിനെതിരെ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങൾക്കെല്ലാം നേതൃത്വം കൊടുത്തതും ഫുവാദ് ആണ്. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്താൻ ഇയാളുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകിയിരുന്നു
1990ൽ മൂന്ന് ഇസ്രായേലി സൈനികരെ തട്ടിക്കൊണ്ടുപോയി വധിച്ചതിൽ നേരിട്ട് പങ്കുള്ളയാണ് ഇയാൾ. അതിന് ശേഷം നിരപരാധികളായ ആളുകൾക്ക് നേരെയും ഇയാൾ തുടർച്ചയായി ആക്രമണങ്ങൾ നടത്തി. ഹിസ്ബുള്ള നടത്തുന്ന ആക്രമണങ്ങൾ ലെബനനിലെ ജനങ്ങളേയും പ്രതിരോധത്തിലാക്കുന്നുണ്ട്. വലിയൊരു പ്രതിസന്ധിയിലേക്കാണ് അവരേയും ഈ ഭീകരർ വലിച്ചിഴക്കുന്നതെന്നും” സൈന്യം ആരോപിച്ചു.