വയനാട്: മാതൃകയാകുന്ന രക്ഷാപ്രവർത്തനമാണ് വയനാട്ടിൽ നടക്കുന്നതെന്ന് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. ആർമി മുതൽ സന്നദ്ധപ്രവർത്തകർ വരെ എല്ലാവരും അപകടരംഗത്ത് ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു. ഒരു ദുരന്തം വരുമ്പോൾ കേരളസമൂഹം തീർച്ചയായും വേറൊരു ലെവലിലേക്ക് മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുൻകൂട്ടി പ്രവചിക്കാനും ഒഴിവാക്കാനും ഒരുപാട് വെല്ലുവിളികളുള്ള ദുരന്തമാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും. രക്ഷാപ്രവർത്തനവും അതുപോലെ തന്നെ. ധാരാളം ആളുകളുടെ മൃതശരീരം പോലും കണ്ടെടുക്കാൻ പറ്റാതെ വരും. കൃത്യമായി കണക്കില്ലാത്ത മറുനാടൻ തൊഴിലാളികളും കൂടിയുള്ള പ്രദേശമായതുകൊണ്ട്, ഇതെല്ലാം പിന്നെയും സങ്കീർണ്ണമാകും. ഇതിന് സാങ്കേതികവും സാമൂഹ്യവുമായ കാരണങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻനിരയിൽ ആർമിയും, ദുരന്ത രക്ഷാസേനയും, സർക്കാരും, സന്നദ്ധപ്രവർത്തകരും ആരോഗ്യം പോലും പരിഗണിക്കാതെ രാവും പകലും ജോലി എടുക്കുന്നു. പിൻനിരയിൽ സർക്കാർ സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നു. ദുരന്തം ഉണ്ടാകുമ്പോൾ അതിന് ഒറ്റമൂലി പരിഹാരവുമായി എത്തുന്നതിൽ അർത്ഥവുമില്ല. അസമയത്താണ്, അനൗചിത്യമാണ്. ശാസ്ത്ര വിശകലനത്തിന് ഇനിയും സമയമുണ്ട്.
കേരളത്തിൽ മലനിരകളിൽ ദുരന്തസാധ്യതകൾ ഉണ്ടെന്നുള്ളത് പുതിയ അറിവല്ല. മലയിടുക്കിൽ മാത്രമല്ല ഇടനാട്ടിലും തീരപ്രദേശത്തും നഗരത്തിലും ഗ്രാമത്തിലും പുഴയിലും തടാകത്തിലും കടലിലും എല്ലാം ദുരന്ത സാദ്ധ്യതകൾ ഉണ്ട്. കാലാവസ്ഥ വ്യതിയാനം, നമ്മുടെ ജീവിത സൗകര്യങ്ങളിലെ മാറ്റം ഇതൊക്കെ ദുരന്തത്തിനുള്ള സാധ്യതകളെ കൂട്ടുന്നു. ഇതിനെ കുറിച്ചുള്ള അവബോധവും പ്രതിരോധ പ്രവർത്തനവും സ്ഥിരമായി വേണ്ടതാണെന്നും മുരളി തുമ്മാരുകുടി ഓർമിപ്പിച്ചു.















