വയനാട്: മുണ്ടക്കൈയിലെ ദുരന്തത്തിന് പിന്നാലെ മരണസംഖ്യ ഉയരുന്നതിൽ വിറങ്ങലിച്ച് കേരളം. നിലമ്പൂർ ആശുപത്രിയിൽ മാത്രം 11 മൃതദേഹങ്ങളാണ് ഇന്നെത്തിയത്. 177 പേരുടെ മരണം സ്ഥിരീകരിച്ചു. ഉറ്റവരെയും ബന്ധുക്കളെയും അന്വേഷിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. ഉരുൾപൊട്ടലിൽ ഒരു ഗ്രാമം തന്നെ ഒലിച്ചുപോയപ്പോൾ കുറച്ച് വളർത്തുമൃഗങ്ങൾ മാത്രമാണ് പ്രദേശത്ത് ബാക്കിയായത്.
ആശുപത്രികൾ സങ്കടക്കടലാവുകയാണ്. മണ്ണിൽ പുതഞ്ഞ നിലയിൽ ഇന്ന് 68 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. 37 പേരുടെ മൃതദേഹങ്ങളും 31 ശരീരഭാഗങ്ങളുമാണ് ലഭിച്ചത്. കെഡാവർ നായ്‌ക്കളെ ഉപയോഗിച്ചാണ് ഇന്ന് രക്ഷാപ്രവർത്തനം നടത്തിയത്. ഹൃദയഭേദകമായ കാഴ്ചകളാണ് ദുരന്തഭൂമിയിൽ എങ്ങും കാണുന്നത്. കാലുകൾ മണ്ണിൽ പുതയുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് പോലും മുന്നോട്ട് നീങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
3,100 പേരാണ് നിലവിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കാഴിയുന്നത്. 400-ലധികം വീടുകളുള്ള മുണ്ടക്കൈയിൽ 30 വീടുകൾ മാത്രമാണ് ഇന്നുള്ളത്. 227 പേരെ കാണാനില്ലെന്നാണ് സർക്കാർ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
രക്ഷാപ്രവർത്തനം എളുപ്പമാക്കുന്നതിനായി ബെയിലി പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. താൽകാലിക പാലത്തിന്റെ ഭാഗങ്ങള്‍ ഹെലികോപ്റ്ററിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. 85 അടി നീളമുള്ള പാലമാണ് നിർമിക്കുന്നത്. പാലം നിർമിക്കുന്നതോടെ രക്ഷാപ്രവർത്തനത്തം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് സൈന്യം.















