നെഞ്ചുലയ്‌ക്കുന്ന കാഴ്ചയാണ് വയനാട്ടിൽ നിന്നും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഉറ്റവർക്കായി വിവിധ ഇടങ്ങളിൽ നിന്നാണ് ഫോൺ സന്ദേശങ്ങൾ വരുന്നത്. ഉരുൾപൊട്ടൽ സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുഴുവൻ അൽഹസയിലെ പ്രവാസിയായ വയനാട് സ്വദേശി ജിഷ്ണു രാജൻ വീട്ടിലേക്ക് ഫോൺവിളിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വിഷ്ണുവിനെ തേടിയെത്തിയത് നെഞ്ചുലയ്‌ക്കുന്ന വാർത്തയാണ്. മുണ്ടക്കൈയിലെ പുഞ്ചിരിവട്ടത്താണ് ജിഷ്ണുവിന്റെ വീട്
വായ്പയെടുത്ത് വച്ച തന്റെ വീട് പൂർണമായും ഒലിച്ചു പോയി. സീരിയൽ ക്യാമറാമാനും ഇളയ സഹോദരുമായ ഷിജു മരണപ്പെട്ടു. അമ്മയുടെ മൃതദേഹവും കണ്ടെത്തി. വിഷ്ണുവിന്റെ മറ്റൊരു സഹോദരനും മകളും ചികിത്സയിലാണ്. പിതാവ് ഉൾപ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
സീരിയൽ ക്യാമറാമാനായ ഷിജുവിന്റെ മരണവിവരം പുറത്തറിയിച്ചത് മലയാള സിനിമയുടെ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്ക ആണ്. ഫെഫ്ക എംഡിടിവി അംഗമാണ് ഷിജു. 26 കാരനായ ജിഷ്ണു നാട്ടിൽ നിന്നും സൗദിയിലെ അൽഹസയിൽ ജോലിക്കെത്തിയിട്ട് 6 മാസം മാത്രമാണായത്.
പ്രാരാബ്‍ദങ്ങൾ നിറഞ്ഞ സാധാരണ ഒരു കുടുംബത്തിൽ നിന്നുമാണ് തൊഴിൽ വിസയിൽ 26 കാരനായ ജിഷ്ണു അൽഹസയിലെത്തുന്നത്. ബാങ്ക് വായ്പയെടുത്തും സർക്കാർ സഹായത്തിലും വച്ച വീട് കഴിഞ്ഞ വർഷത്തെ പ്രകൃതി ദുരന്തത്തിൽ ഭാഗികമായി തകർന്നിരുന്നു. സർക്കാർ സഹായത്തിലും കടംവാങ്ങിയും പിന്നീടും വീട് പണി പൂർത്തീകരിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും ഉരുൾപൊട്ടൽ സംഭവിച്ചത്.