ശ്രീലങ്കയ്‌ക്ക് എതിരെയുള്ള പരമ്പരയിൽ സഞ്ജുവിനെ ടി20യിൽ മാത്രം തിരഞ്ഞെടുത്തപ്പോൾ ഉണ്ടായ പുകില് ചില്ലറയൊന്നുമല്ല. ഏകദിനത്തിൽ നിന്ന് മൻഃപൂർവം ഒഴിവാക്കിയെന്നടക്കമുള്ള ആരോപണങ്ങൾ ഉയർന്നു. ടി20 യിലെ ആദ്യ മത്സരത്തിൽ അവസരം കിട്ടാതിരുന്നപ്പോഴും വിമർശനം ശക്തമായി. എന്നാൽ രണ്ടാം ടി20യിൽ താരത്തിന് അവസരം ലഭിച്ചു. ശുഭ്മാന് പകരം ഓപ്പണറായി എത്തിയ താരം നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. മഹീഷ് തീക്ഷണയാണ് കുറ്റി തെറിപ്പിച്ചത്. മൂന്നാം മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്ററായി അവസരം കിട്ടിയെങ്കിലും ബാറ്റിംഗിൽ നാല് പന്തായിരുന്നു ആയുസ്. അക്കൗണ്ട് തുറക്കാനുമായില്ല.
വിക്കറ്റ് കീപ്പിംഗിലേക്ക് വന്നാൽ മൂന്ന് ക്യാച്ചുകളാണ് നിലത്തിട്ടത്. എന്നാൽ അവസാന ഓവറിൽ തീക്ഷണയുടെ ക്യാച്ച് കൈപിടിയിലൊതുക്കിയെങ്കിലും ഇത് മതിയാകുമായിരുന്നില്ല ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകാൻ. ഇനി ദേശീയ ടീമിലേക്കുള്ള മടക്കം സഞ്ജുവിനെ സംബന്ധിച്ച് ദുഷ്കരമായിരിക്കാം. കാരണം ടി20 യിൽ ശരാശരി പ്രകടനം മാത്രം നടത്തുന്ന പന്തിനാണ് മാനേജ്മെൻ്റിന്റെ പിന്തുണ. അത് പരിശീലകനും സെലക്ടറുമടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.
ഫിറ്റ്നസ് കാത്തുസൂക്ഷിച്ച് ആഭ്യന്തര ക്രിക്കറ്റിൽ വമ്പൻ പ്രകടനം നടത്തിയാൽ മാത്രമെ ഇനി ഒരു മടങ്ങിവരവ് സാധ്യമാകൂ. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിൽ യുവ താരങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെങ്കിൽ താരത്തിന് ഒരു അവസരം കൂടി നൽകാൻ ടീം തയാറായേക്കും. ടി20യില്‍ 65 ഇന്നിംഗ്സില്‍ നിന്ന് മൂന്ന് അർദ്ധസെഞ്ച്വറിയടക്കം പന്ത് ഇതുവരെ 1158 റണ്‍സാണ്. സഞ്ജു 26 ഇന്നിംഗ്സുകളില്‍ രണ്ട് അർദ്ധസെഞ്ച്വറി ഉള്‍പ്പെടെ 444 റണ്‍സും.















