തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്ന തുക ദുരിതമനുഭവിക്കുന്നവർക്ക് തന്നെ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യൽമീഡിയയിൽ ഉയർന്ന വിവാദങ്ങൾ സംബന്ധിച്ച് മാദ്ധ്യമങ്ങൾ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട മോശം പ്രചാരണങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല. ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന തുക എങ്ങനെയാണ് ചെലവഴിക്കുന്നത് എന്നുള്ള കാര്യം എല്ലാവർക്കുമറിയാവുന്നതാണ്. നാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് ചെലവഴിക്കാനുള്ളതാണ് ദുരിതാശ്വാസ നിധി. അതങ്ങനെ തന്നെയാണ് നടക്കുന്നത്. ഒരു തരത്തിലുള്ള ക്രമക്കേടുകളും അതിനകത്ത് സംഭവിക്കുന്നില്ലെന്നതാണ് വസ്തുതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിലെ ദുരന്തത്തെ തുടർന്ന് കേരളത്തിന് ലഭിച്ച ധനസഹായങ്ങൾ മതിയാകില്ലെന്നും ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങൾ ഇനിയും സംഭാവനകൾ നൽകണമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അഭ്യർത്ഥിച്ചതിന് പിന്നാലെ സോഷ്യൽമീഡിയയിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. 2018ലെ പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ വൻതുകയിൽ നിന്നും ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസ് നിലനിന്നിരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു വിമർശനം. ഇതുകൂടാതെ അനർഹരായ പലരും വ്യാജരേഖ ചമച്ച് ഫണ്ട് കൈപ്പറ്റിയിരുന്നു. ഇതെല്ലാം ദുരിതാശ്വാസ നിധിയെക്കുറിച്ച് വിവാദം കടുക്കാൻ കാരണമായി.