ഒളിമ്പിക്‌സിൽ വനിതകളുടെ ടേബിൾ ടെന്നീസിൽ ഇന്ത്യൻ താരം ശ്രീജ അകുല പ്രീ ക്വാർട്ടറിൽ. സിംഗപ്പൂരിന്റെ സെങ് ജിയാനെയാണ് ശ്രീജ പരാജയപ്പെടുത്തിയാണ് ശ്രീജ പ്രീക്വാർട്ടറിന് ടിക്കറ്റെടുത്തത്. 4-2നാണ് ഇന്ത്യൻ താരത്തിന്റെ വിജയം. ആദ്യ ഗെയിം സ്‌കോർ 9-11, 12-10, 11-4, 11-5, 10-12, 12-10.
ആദ്യ സെറ്റ് സിംഗ്പൂർ താരം നേടി. അടുത്ത മൂന്ന് സെറ്റും സ്വന്തമാക്കി ഇന്ത്യൻ താരം തിരിച്ചടിച്ചതോടെ സെങ് ജിയാനെ വിയർത്തു. 5-ാം സെറ്റിൽ മുന്നിട്ടു നിന്നെങ്കിലും എതിരാളി ശക്തമായി തിരിച്ചുവന്നു. അവസാന സെറ്റ് സ്വന്തമാക്കി ശ്രീജ മത്സരവും കൈപിടിയിലൊതുക്കുകയായിരുന്നു. ഇത് ആദ്യമായാണ് ഒളിമ്പിക്‌സിൽ ടേബിൾ ടെന്നീസിൽ രണ്ട് ഇന്ത്യൻ താരങ്ങൾ പ്രീക്വാർട്ടറിൽ പ്രവേശിക്കുന്നത്. നേരത്തെ മണിക ബത്രയും പ്രീക്വാർട്ടറിന് യോഗ്യത നേടിയിരുന്നു.
ബോക്‌സിംഗിൽ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ലവ്ലിന ബോർഗോഹെയൻ ക്വാർട്ടറിൽ കടന്നു. ലോക ജൂനിയർ ചാമ്പ്യനായ നോർവേ താരം സുന്നിവ ഹോഫ്സ്റ്റഡിനെ തോൽപ്പിച്ചാണ് ലവ്ലിനയുടെ ക്വാർട്ടർ പ്രവേശനം. ഒരു മത്സരം കൂടി ജയിച്ചാൽ താരത്തിന് പാരിസിൽ മെഡൽ നേടാം. ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവാണ് ലവ്‌ലിന.
ആർച്ചറിയിൽ വനിതകളുടെ വ്യക്തിഗത എലിമിനേഷൻ റൗണ്ടിൽ ദീപിക കുമാരി രണ്ടാം റൗണ്ടിലേക്കു മുന്നേറി. എസ്തോണിയൻ താരം റീന പർനാത്തിനെ ഷൂട്ട് ഓഫിൽ പിന്തള്ളിയാണ് ദീപിക കുമാരിയുടെ മുന്നേറ്റം.
നേരത്തെ ഷൂട്ടിംഗ് പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വിഭാഗത്തിൽ സ്വപ്നിൽ കുശാലെ ഫൈനലിന് യോഗ്യത നേടയിരുന്നു. നാളെ ഉച്ചയ്‌ക്ക് ഒരു മണിക്കാണ് ഫൈനൽ. ബാഡ്മിന്റണിൽ വനിതാ വിഭാഗം സിംഗിൾസിൽ പി.വി. സിന്ധുവും പുരുഷ വിഭാഗത്തിൽ ലക്ഷ്യാ സെന്നും പ്രീക്വാർട്ടറിൽ പ്രവേശിച്ചു.