കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി ഉൾപ്പെടെ അഞ്ചുപേരുടെ വധശിക്ഷ നടപ്പിലാക്കി.രാജ്യത്തിന്റെ കിഴക്കൻ പ്രവശ്യയായ ജുബൈലിൽ 2016ലാണ് കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ കൊല്ലപ്പെട്ടത്. തൃശൂർ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സീദ്ദീഖ്, സൗദി പൗരൻമാരായ ജാഫർ ബിൻ സാദിഖ് ബിൻ ഖാമിസ് അൽ ഹാജി, ഹുസൈൻ ബിൻ ബാകിർ ബിൻ ഹുസൈൻ അൽ അവാദ്, ഇദ്രിസ് ബിൻ ഹുസൈൻ ബിൻ അഹമ്മദ് അൽ സമീൽ, ഹുസൈൻ ബിൻ അബ്ദുല്ല ബിൻ ഹാജി അൽ മുസ്‌ലിമി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്
എട്ട് വർഷം മുൻപ് ചെറിയ പെരുന്നാൾ ദിവസം പുലർച്ചെയാണ് സമീറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജുബൈലില്‍ വര്‍ക്ക്‌ഷോപ്പ് മേഖലയില്‍ നഗരസഭാ മാലിന്യപ്പെട്ടിക്കു സമീപം പുതപ്പില്‍ മൂടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിലെ മുറിവുകളും സാഹചര്യത്തെളിവുകളും അനുസരിച്ച് കൊലപാതകമാണെന്ന് കണ്ടെത്തിയ പൊലീസ് വൈകാതെ അഞ്ചുപ്രതികളെയും അറസ്റ്റ് ചെയ്തു.
പണമിടപാട് നടത്തിയിരുന്ന സമീറില്‍ നിന്ന് പണം കവരുന്നതിനായി സൗദി യുവാക്കള്‍ സമീറിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തട്ടിക്കൊണ്ടു പോകാനുള്ള വിവരങ്ങൾ കൈമാറിയത് തൃശൂർ സ്വദേശിയായ നൈസാം സാദിഖ് എന്ന നിസാമുദ്ദീനാണ്. എന്നാൽ കൈയിൽ പണമില്ലെന്ന് കണ്ടതോടെ പ്രതികൾ സമീറിനെ ബന്ദിയാക്കി മർദിച്ചു. ഇതിനിടെയിലാണ് മരണം സംഭവിച്ചെന്ന് കോടതി കണ്ടെത്തി.
രാജ്യദ്രോഹകുറ്റം ചുമത്തിയാണ് സൗദി പ്രോസിക്യൂഷൻ കേസ് പരിഗണിച്ചത്. പ്രത്യേക കോടതി വധശിക്ഷ വിധിച്ച കേസ് അപ്പീൽ കോടതിയും സുപ്രീംകോടതിയും ശരിവയ്‌ക്കുകയായിരുന്നു. പിന്നാലെ സൗദി ഭരണാധികാരി സൽമാൻ രാജാവ് ശിക്ഷ നടപ്പാക്കാൻ അനുമതി നൽകുകയും ചെയ്തതോടെയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യാന്തരമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു .പ്രതികൾ ഒരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്നും വിധിയിൽ കോടതി വ്യക്തമാക്കിയിരുന്നു.