താനൂർ: കടയിൽ വിൽക്കാൻ വച്ചിരുന്ന വസ്ത്രങ്ങൾ മുഴുവൻ വയനാട്ടിലെ സഹോദരങ്ങൾക്കായി കൈമാറി ഒരു ടെക്‌സറ്റൈൽ ഉടമ. സേവാഭാരതി വയനാട്ടിലെ ദുരിതബാധിതർക്കായി നടത്തുന്ന അവശ്യ വസ്തുക്കളുടെ സമാഹരണത്തിലാണ് താനൂരിലെ മഞ്ചാടി കളക്ഷൻസ് ഉടമയായ താനൂർ മോര്യ സ്വദേശി അഴുപ്പുറത്ത് ജിലീഷ് സ്വന്തം ടെക്‌സ്‌റ്റൈൽ ഷോപ്പിലെ മുഴുവൻ വസ്ത്രങ്ങളും കൈമാറിയത്. അൻപതിനായിരത്തിലധികം രൂപ വില വരുന്ന വസ്ത്രങ്ങളാണ് ജിലീഷ് കൈമാറിയത്.
സേവാഭാരതി താനൂരിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് കടയിലെ മുഴുവൻ വസ്ത്രങ്ങളും വയനാട്ടിലെ ദുരിതത്തിലായ ജനങ്ങൾക്ക് കൈത്താങ്ങായി തരാം എന്ന് ജിലീഷ് അറിയിച്ചത്. തുടർന്ന് സേവാഭാരതി താനൂർ യൂണിറ്റ് പ്രസിഡന്റ് ദേവദാസൻ വസ്ത്രങ്ങൾ ഏറ്റുവാങ്ങി. സേവാഭാരതി മലപ്പുറം ജില്ലാ ആരോഗ്യ വിഭാഗം കൺവീനർ ഉദയൻ കരിക്കത്തിൽ, താനൂർ യൂണിറ്റ് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ കളക്ട് ചെയ്ത വസ്ത്രങ്ങൾ വയനാട്ടിലേക്ക് എത്തിക്കാൻ സംവിധാനം ചെയ്തു കഴിഞ്ഞു.
ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച വയനാട്ടിൽ സുമനസുകളുടെ സഹായപ്രവാഹമാണ് ദൃശ്യമാകുന്നത്. നേരിട്ടും അല്ലാതെയും മരുന്നുകൾ ഉൾപ്പെടെ അവശ്യ വസ്തുക്കളുമായി ധാരാളം ആളുകളാണ് എത്തുന്നത്.