ഈ രാത്രി അവർക്ക് ഉറക്കമില്ല. രാത്രി മുഴുവൻ പരിശ്രമിച്ച് രാവിലെയോടെ പൂർത്തിയാക്കുന്ന ബെയ്‌ലി പാലത്തിലാണ് ഒരു നാടിന്റെ മുഴുവൻ പ്രതീക്ഷ. അങ്ങനെ ഒരു ജനത കാത്തിരിക്കുമ്പോൾ എങ്ങനെ അവർ ഉറങ്ങാൻ കഴിയും… കാരണം അവർ ഇന്ത്യൻ സൈന്യമാണ്.
190 അടി നീളത്തിലാണ് ബെയ്‌ലി പാലം സേന നിർമിക്കുന്നത്. ആർമി എഞ്ചിനീയറിംഗ് വിഭാഗമാണ് (മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പ് ) പാലത്തിന്റെ നിർമാണം. വലിയ ഗർഡറുകൾ പൊക്കിമാറ്റാൻ ജെസിബി ഉപയോഗിക്കുന്നത് ഒഴിച്ചാൽ പാലത്തിന്റെ ഭൂരിഭാഗം നിർമാണ ജോലിയും മനുഷ്യർ തന്നെയാണ് ചെയ്യുന്നത്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ സമാന്തര സംവിധാനമൊരുക്കാൻ സൈന്യത്തിന്റെ കൈയ്യിലുളള സംവിധാനമാണിത്.
വൈകിട്ടോടെ തുടങ്ങിയതാണ് പാലം പണി. ഇരുട്ട് വീണ് തുടങ്ങിയപ്പോൾ സ്ഥലത്ത് വെളിച്ചം ക്രമീകരിച്ചു. അതോടെ രാത്രി തന്നെ പാലം പൂർത്തിയാക്കാനുളള തീരുമാനത്തിലെത്തി. കപ്പൽമാർഗവും വിമാനമാർഗവുമാണ് ഡൽഹിയിൽ നിന്നും ബംഗലൂരുവിൽ നിന്നും പാലം നിർമാണ സാധനങ്ങൾ വയനാട്ടിലേക്ക് എത്തിച്ചത്. ഇവിടെ പണി തുടങ്ങിയപ്പോഴും കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് പാലത്തിന്റെ ചില ഭാഗങ്ങൾ ലോറിയിൽ വയനാട്ടിലേക്ക് എത്തിക്കുന്നതേ ഉണ്ടായിരുന്നുളളൂ. ഇടയ്‌ക്ക് മഴ പെയ്തപ്പോഴും ഭക്ഷണം കഴിക്കാനും മാത്രമായിരുന്നു സൈനികസംഘം കുറച്ച് സമയം മാറി നിന്നത്.
പ്രദേശത്ത് കനത്ത മഴ പെയ്തതിനാൽ ചൂരൽമലയിൽ ആർമിയുടെ സഹായത്തോടെ ആദ്യം ഉണ്ടാക്കിയ താൽക്കാലിക പാലത്തിൽ വെള്ളം കയറിയിരുന്നു. ഇതുവഴിയാണ് നൂറകണക്കിന് രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പോയിരുന്നത്. വൈകീട്ട് ആറോടെ ഇതുവഴി സാഹസികമായാണ് രക്ഷാപ്രവർത്തന ദൗത്യത്തിലുള്ളവർക്ക് ആർമിയും പോലീസും ചേർന്ന് സഹായമൊരുക്കിയത്. കനത്ത ഇരുട്ടും മഴയും തുടരുന്നതിനാൽ പിന്നീട് രക്ഷാദൗത്യം ഈ മേഖലയിൽ ശ്രമകരമായിരുന്നു.
ബെയ്‌ലി പാലം യാഥാർത്ഥ്യമായാൽ മുണ്ടക്കൈ മേഖലയിലേക്ക് ആംബുലൻസ് ഉൾപ്പെടെയുളള വാഹനങ്ങൾ എത്തിക്കാം. ഇവിടെ കുടുങ്ങിയവരെ പെട്ടന്ന് ആശുപത്രിയിലേക്ക് എത്തിക്കാനുമാകും. പുഴ മുറിച്ചു കടന്നാണ് മൂന്ന് ജെസിബികൾ മുണ്ടക്കൈ മേഖലയിലേക്ക് ഇന്ന് എത്തിച്ചത്.
ദുരന്തമേഖലയിൽ ഇനിയും 200 ഓളം പേരെ കാണാനുണ്ടെന്നാണ് വിവരം. കൂറ്റൻ മരങ്ങൾ വീണു കിടക്കുന്നതിനാലും കെട്ടിടങ്ങൾ നിലംപൊത്തിക്കിടക്കുന്നതിനാലും രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈ മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താനായില്ല. പാലം വരുന്നോടെ കൂടുതൽ യന്ത്രങ്ങളും എത്തിക്കാനാകും. 24 ടൺ വരെ ഭാരം വഹിക്കുമെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.