വയനാട്: മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിനുള്ള ബെയ്ലി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. ഇന്ന് ഉച്ചയ്‌ക്ക് മുമ്പ് നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് സൈന്യം പ്രതീക്ഷിക്കുന്നത്. ഇന്ന് രാവിലെ വരെയുള്ള കണക്കുകളനുസരിച്ച് 264 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
പാലം പൂർത്തിയായാൽ ദുരന്തമുഖത്തേക്ക് കൂടുതൽ ജെസിബികൾ എത്തിക്കാൻ സാധിക്കും. പുഴയിലൂടെ ഫൂട്ട് ബ്രിഡ്ജ് നിർമിക്കാനും ശ്രമങ്ങൾ നടക്കുകയാണ്. ചാലിയാർ പുഴയിലെ തെരച്ചിൽ രാവിലെ തന്നെ ആരംഭിക്കും.
ജില്ലയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. 240ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ചൂരൽമലയിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് വാഹനങ്ങൾക്ക് ഉൾപ്പെടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രദേശത്തേക്ക് കൂടുതൽ വാഹനങ്ങൾ എത്തുന്നത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുവെന്ന പരാതികൾ ഇന്നലെ ഉയർന്നിരുന്നു. തുടർന്നാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.