ചുറ്റും പച്ചപ്പ്, അതിനിടയിലൂടെ ചെറിയൊരു ടാറിട്ട വഴി. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള വഴി അത്രയേറെ മനോഹരമായിരുന്നു. ചൂരൽമലയിൽ നിന്ന് മൂന്ന് കിലോമീറ്ററോളം തേയിലക്കാറ്റേറ്റ് സഞ്ചരിച്ചാണ് മുണ്ടക്കൈ എന്ന ഗ്രാമത്തിലെത്തിച്ചേരുന്നത്. പ്രകൃതി രമണീയതയ്‌ക്കിടെ എൽപി സ്കൂളും മുസ്ലീം പള്ളിയും ക്രിസ്ത്യൻ പള്ളിയും. കുന്നിൻ മുകളിൽ അംബരചുംബിയായി ക്ഷേത്രവുമുണ്ട്. ഈ അമ്പലമുറ്റത്താണ് റോഡ് അവസാനിക്കുന്നത്.
ചായത്തോട്ടങ്ങളും സുഗന്ധവൃജ്ഞനം മണക്കുന്ന ഏലത്തോട്ടങ്ങളുടെയും സൗന്ദര്യവും മലകളെ തൊട്ടുതലോടി വരുന്ന കോടയും ആസ്വദിക്കാൻ നിരവധി പേരാണ് ഇവിടേക്ക് എത്തിയിരുന്നത്. പ്രകൃതിഭംഗിക്ക് പുറമേ സഹോദര്യവും സഹകരണവുമൊക്ക ഒത്തിണങ്ങിയ നാടായിരുന്നു ഇന്ന് നാമവശേഷമായ മുണ്ടക്കൈ. അയൽക്കാരെയും നാട്ടുകാരെയും തിരക്കി മുണ്ടക്കൈയിൽ തിരച്ചിൽ നടത്തുന്ന നാട്ടുകാരുമുണ്ട്. സ്വന്തം കുടുംബാംഗത്തെ നഷ്ടപ്പെട്ട വേദനയോടെയാണ് അവർ ഉറ്റവരെ തിരയുന്നത്.
വയനാട് ജില്ലയിൽ കോഴിക്കോട്- മലപ്പുറം വനമേഖലയോട് ചേർന്നാണ് മുണ്ടക്കൈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വയനാട്ടിലെ മൂന്നാറെന്നും ചിറാപുഞ്ചിയെന്നൊക്കെയാണ് ഈ ഗ്രാമത്തിന്റെ വിളിപ്പേര്. അത്രയേറെ ഭംഗിയായിരുന്നു ഇവിടം. ചാലിയാറിന്റെ ഉത്ഭസ്ഥാനവും ഇവിടെയാണ്. വാഹനത്തിരക്ക് ഇല്ലാത്ത വഴികളിലൂടെ സഞ്ചരിച്ചാൽ എസ്റ്റേറ്റ് പാടികളിലേക്കാണ് എത്തുന്നത്. എസ്റ്റേറ്റിലെ തൊഴിലാളികൾക്കായി നിർമിച്ച് നൽകിയതാണ് ഈ പാടികൾ. പ്രശസ്തമായ സൂചിപ്പാറ വെള്ളച്ചാട്ടവും സീതമ്മക്കുണ്ട് വെള്ളച്ചാട്ടവുമൊക്കെ ഈ വഴിക്കായിരുന്നു. തേയില ചെടികളുടെ കാവൽക്കാരനായി സെന്റിനൽ റോക്കും തല ഉയർത്തി നിന്നിരുന്നു. ഇന്ന് അവിടെ ചെളിക്കുണ്ടാണ്.
ഇതും കഴിഞ്ഞ് മുന്നോട്ട് പോകുമ്പോഴാണ് മുണ്ടക്കൈ സർക്കാർ എൽപി സ്കൂൾ. മുണ്ടക്കൈ അങ്ങാടിയിലാണ് ടാറിട്ട റോഡ് അവസാനിക്കുന്നത്. പിന്നീട് അങ്ങോട്ട് കുത്തനെയുള്ള മലയാണ്. മൺപാതയിലൂടെ കാൽനടയായാണ് പോകേണ്ടത്. ഈ പാത അവസാനിക്കുന്നത് ക്ഷേത്രമുറ്റത്താണ്. അമ്പലത്തിന് മറുവശത്ത് കുന്നുകളാണ്, അരുവികൾ അതിലൂടെ ഒഴുകിയിറങ്ങുന്നു. ഇടയക്ക് കോടയും കൂട്ടിന് വരും. ഇത്രയേറെ പ്രകൃതി ഭംഗിയും പച്ചപ്പും നിറഞ്ഞയിടമാണ് ഇന്ന് മരുഭൂമി പോലെ കിടക്കുന്നത്. മുണ്ടക്കൈ എന്നൊരു ഗ്രാമം അവശേഷിക്കുന്നത് സൂചന ബോർഡുകളിൽ മാത്രമാണ്. അക്ഷരാർത്ഥത്തിൽ പ്രകൃതിയുടെ സംഹാരതാണ്ഡവം.
ഇരച്ചെത്തിയ ഉരുളാണ് മുണ്ടക്കൈ എന്ന നാടിനെ ഇല്ലാതാക്കിയത്. ഇവിടെ എങ്ങനെയൊരു മനോഹര ഗ്രാമം ഉണ്ടായിരുന്നുവെന്നതിന് അവിടെ ഇവിടെയായി ചില ശേഷിപ്പുകൾ മാത്രം ബാക്കി. മരണക്കയത്തിലേക്ക് അകപ്പെടാനൊരുങ്ങുകയാണെന്ന് അറിയാതെയാണ് മുണ്ടക്കൈ ഗ്രാം ഉറങ്ങാൻ കിടന്നത്. എന്നേക്കുമായി എഴുന്നേൽക്കാത്ത വിധത്തിലുള്ള ഉറക്കമായിരിക്കുമെന്ന് ആരും കരുതിയില്ല. കിടക്കുന്നിടത്ത് നനവ് തട്ടിയാണ് ഓരോരുത്തരും കണ്ണ് തുറക്കുന്നത്. ചെളിയും മണ്ണും ശക്തിയായി ഒഴുകിയെത്തുന്നതിനിടയിൽ അവർ അറിഞ്ഞിരിക്കില്ല തങ്ങളുടെ നാട് തന്നെ നിഷ്പ്രഭമാകുകയായിരുന്നുവെന്ന്. ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസമുണ്ടെങ്കിലും അവരുടെ പക്കൽ മരണഭീതി മാത്രമാണ് മിച്ചമുള്ളത്.















