മേപ്പാടി : മഴയാണെങ്കിലും ക്ഷീണം കൊണ്ട് ശാന്തമായാണ് അച്ഛനും അമ്മയും അനിയത്തിയും ഉറങ്ങിയത്. എന്നാൽ സംഹാരതാണ്ഡവമാടി ഉരുൾ എത്തിയപ്പോൾ അവരെയെല്ലാം നഷ്ടമായിരിക്കുകയാണ് ശ്രുതിക്ക്. ശ്രുതിയുടെ വിവാഹം ഡിസംബറിൽ നടത്താനാണു നിശ്ചയിച്ചിരുന്നത്. അതിനു വേണ്ടി നാലര ലക്ഷം രൂപയും പതിനഞ്ചു പവനും സൂക്ഷിച്ചിരുന്നു. അതും എവിടെയോ നഷ്ടമായി. ഒന്നര മാസം മുൻപ് പാലുകാച്ചിയ വീടും ഇന്നില്ല.
അനിയത്തി ശ്രേയയുടെ ചിതയെരിഞ്ഞു തുടങ്ങുമ്പോൾ പിന്നിലേക്ക് കുഴഞ്ഞുവീണ ശ്രുതിയുടെ കണ്ണിൽ ഇന്ന് നൊമ്പരം മാത്രം. ചൂരൽമല സ്കൂൾ റോഡിലെ പുതിയ വീട്ടിൽ ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനിയത്തി ശ്രേയ എന്നിവരെയാണ് മലവെള്ളം കൊണ്ടുപോയത്. ബന്ധുവീട്ടിലായിരുന്നതിനാൽ ശ്രുതി മാത്രം മലവെള്ളത്തിൽ പെട്ടില്ല. ശ്രേയയുടെ മൃതശരീരം മാത്രം തിരിച്ചുകിട്ടി. കൽപറ്റ എൻഎംഎസ്എം ഗവ. കോളജിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു ശ്രേയ.