വയനാട്: ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ ചുരൽമലയിൽ രക്ഷാപ്രവർത്തം വിലയിരുത്താൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ വീണ്ടും എത്തി. രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലങ്ങളും പാലം നിർമ്മിക്കുന്ന ഇടങ്ങളും അദ്ദേഹം സന്ദർശിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന കര-വ്യോമ സേനാ ഉദ്യോഗസ്ഥര്‍ എന്‍ഡിആര്‍എഫ് തലപ്പത്തുള്ളവര്‍ തുടങ്ങിയവരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
ദുരന്തമുഖത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒത്തൊരുമിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് എയർഫോഴ്സും നേവിയും ആർമിയും എൻഡിആർഎഫും ദുരന്തമുഖത്തുണ്ട്. ഒപ്പം സംസ്ഥാന സർക്കാരിന്റെ പൊലീസും ഫയർഫോഴ്സും മെഡിക്കൽ സംഘവും സജീവമായാണ് ദുരന്തഭൂമിയിൽ പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഏകോപനത്തൊടെ രക്ഷാപ്രവർത്തനം കേന്ദ്ര എജൻസികളാണ് നിർവഹിക്കുന്നത്. കണ്ടെത്തിയവരെല്ലാം രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. കുടുങ്ങി കിടക്കുന്നവർക്ക് എയർഡ്രോപ്പ് വഴി ഭക്ഷണം എത്തിക്കുന്നുണ്ട്. ബെയ്ലി പാലം പൂർത്തിയാകുന്നതോടെ രക്ഷാദൗത്യം കൂടുതല്‍ ശക്തമാകുമെന്നും ജോർജ് കുര്യൻ പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ദുരന്തഭൂമിയിൽ ഇത് രണ്ടാം തവണയാണ് മന്ത്രി എത്തുന്നത്. ആദ്യ ദിവസം താത്കാലിക നടപ്പാലം വഴി അദ്ദേഹം മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന്റെ പ്രഭവം കേന്ദ്രം വരെയിൽ എത്തിയിരുന്നു. അദ്ദഹം തിരിച്ചെത്തി ഒരു മണിക്കൂറിനകമാണ് താത്കാലിക നടപ്പാലം തകർന്നത്. വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്തെ ദുരിതനിവാരണ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നതിന് കേന്ദ്രമന്ത്രിസഭയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ജോർജ് കുര്യനെ നിയോഗിച്ചിരുന്നു.















