വയനാട്: മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന്റെ നടുക്കുന്ന അനുഭവം പങ്കുവച്ച് ദൃക്സാക്ഷി സുജാത. ആ രാത്രി എങ്ങനെ രക്ഷപ്പെട്ടുവെന്നത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലെന്നും അടുക്കളയിലെ സ്ലാബിന്റെ ഇടയിലുള്ള വിടവിലൂടെ എങ്ങനെയോ പുറത്തിറങ്ങിയെന്നും സുജാത പറഞ്ഞു.
എല്ലായിടത്തും വെള്ളവും മരവും കല്ലുകളും മാത്രം. കടൽ പോലെ വെള്ളം ഇരച്ചെത്തി. കൂടെ പേരക്കുട്ടിയും ഉണ്ടായിരുന്നു. പേരക്കുട്ടിയുടെ വിരൽത്തുമ്പിൽ പിടിച്ചാണ് മുകളിലേക്ക് കയറ്റിയത്. പുറത്തിറങ്ങിയപ്പോൾ രണ്ടുനില കെട്ടിടം മറിഞ്ഞ നമുക്ക് നേരെ വരികയായിരുന്നു. കുട്ടിയെയും കൊണ്ട് ഞാൻ അയൽവാസിയുടെ വീട്ടിലേക്ക് പോയി. ഉരുൾപൊട്ടുന്ന വലിയ ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. മകളുടെ നട്ടെല്ല് പൊട്ടി. ബന്ധുക്കളും അയൽവാസികളും ഉണ്ടായിരുന്നു. ഏത് ദൈവമാണ് രക്ഷിച്ചതെന്ന് അറിയില്ല.
കുന്നുകൾ കയറി രക്ഷപ്പെട്ട് ഓടിച്ചെന്ന് നിന്നത് വലിയ കൊമ്പനാനയുടെ മുന്നിൽ. ഞങ്ങൾ വലിയ ദുരന്തത്തിൽ നിന്നാണ് വരുന്നതെന്നും ഞങ്ങളെ ഒന്നും ചെയ്യരുതെന്നും ഞങ്ങളെല്ലാവരും ആനയോട് കരഞ്ഞ് പറഞ്ഞു. ആനയുടെ രണ്ട് കണ്ണിൽ നിന്നും വെള്ളം ഒഴുകുന്നുണ്ടായിരുന്നു. മൂന്ന് ആനകൾ അവിടെ ഉണ്ടായിരുന്നു. അതിന്റെ അടുത്ത് നേരം വെളുക്കുന്നത് വരെ ഞങ്ങൾ കിടന്നു. രാവിലെ വരെ മഴയായിരുന്നു.
ഞങ്ങളെ രക്ഷിക്കാൻ ഞങ്ങളുടെ നാട്ടുകാര് ആരുമില്ലല്ലോ എന്നായിരുന്നു വിഷമം. ശരീരം മുഴുവൻ മുറിവുകളാണ്. നേരം വെളുത്തപ്പോൾ ആരൊക്കെയോ വന്ന് ഞങ്ങളെ രക്ഷിച്ച് ഇവിടെയെത്തിച്ചു. ഞങ്ങൾക്ക് അറിയുന്നവരും എല്ലാവരും പോയി. എല്ലാവരും മണ്ണിനടിയിലായി. ആരുമില്ല. ആളുകൾ താമസിച്ചിരുന്ന സ്ഥലത്ത് വെറും തറ മാത്രമായി കിടക്കുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു.















