തൃശൂർ: വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലെ ജലനിരപ്പ് ഉയരുന്നതായി മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മീഷൻ. അപകടകരമാം വിധം ജലനിരപ്പ് ഉയർന്ന രണ്ട് നദികളിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. തൃശൂർ ജില്ലയിലുള്ള കരുവന്നൂർ പുഴ, ഗായത്രിപ്പുഴ എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
4 നദികൾക്കാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കരമനയാർ, ഇടുക്കി ജില്ലയിലെ തൊടുപുഴ , തൃശൂർ ജില്ലയിലെ കീച്ചേരി, കാസർകോഡ് ജില്ലയിലെ പയസ്വിനി എന്നീ നദികൾക്കാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം വരും മണിക്കൂറുകളിൽ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു.















