അലഹബാദ്: മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ്-കൃഷ്ണ ജന്മഭൂമി തർക്കത്തിൽ ഹിന്ദു വിഭാഗം ആരംഭിച്ച നിയമ നടപടികൾക്കെതിരെ മുസ്ലീം പക്ഷം സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് മായങ്ക് കുമാർ ജെയിൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ജൂൺ 6 ന് വിധിപറയാനായി മാറ്റിവച്ച കേസ് രണ്ട് മാസങ്ങൾക്ക് ശേഷം ഇന്നാണ് കോടതി പരിഗണിക്കുന്നത്.
വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദു സമൂഹം സമർപ്പിച്ച 18 കേസുകളും നിയമപരമായി നിലനിൽക്കുന്നതാണെന്ന് കോടതി പറഞ്ഞു. ഹിന്ദു ഭക്തർക്കും അവരുടെ ആരാധനാമൂർത്തിയെയും പ്രതിനിധീകരിച്ച് കോടതിയിൽ ഫയൽ ചെയ്ത കേസുകൾ ലിമിറ്റേഷൻ ആക്ട്, ആരാധനാലയ നിയമം, മറ്റ് ചട്ടങ്ങൾ എന്നിവ പ്രകാരം തളളാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
മുസ്ലീം വിഭാഗത്തിന്റെ അനധികൃത കടന്നുകയറ്റം ആരോപിച്ച ഹിന്ദു വിശ്വാസി വിഭാഗം സർക്കാർ രേഖകളിൽ ഷാഹി ഈദ്ഗാഹ് മസ്ജിദിന്റെ പേരിലുള്ള സ്വത്തുക്കൾ നിലവിലില്ലെന്ന് വാദിച്ചു. ഭൂമി വഖഫിന്റേതാണ് എന്നാണ് അവകാശപ്പെടുന്നതെങ്കിൽ വഖഫ് ബോർഡ് ഈ തർക്കഭൂമിയുടെ ദാതാവിന്റെ പേര് വെളിപ്പെടുത്തണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. ഹിന്ദു ക്ഷേത്ര ഭൂമിയിൽ മസ്ജിദ് നിർമ്മിച്ചുവെന്ന ആരോപണങ്ങളാണ് ദശാബ്ദങ്ങളായി നിലനിൽക്കുന്ന തർക്കത്തിന് ആധാരം. മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തിന്റെ ഒരു ഭാഗം തകർത്ത് പള്ളി പണിതതാണെന്ന് ആരോപിച്ചാണ് ഹിന്ദു സമൂഹം ഹർജി നൽകിയിരിക്കുന്നത്.