വയനാട് ഉരുൾപൊട്ടൽ ദുരന്ത പ്രദേശത്ത് സേവാഭാരതി നടത്തുന്ന പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിരവധി മൃതദേഹങ്ങളാണ് എല്ലാ ആചാര മര്യാദകളോടു കൂടി സേവാഭാരതി സംസ്കരിച്ചത്. മറ്റൊരു സംഘടനയ്‌ക്കും സാധിക്കാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾ സേവാഭാരതി നടത്തുന്നുവെന്നും ഇത് മാതൃകയാണെന്നും കെ സുരേന്ദ്രൻ ജനം ടിവിയോട് പ്രതികരിച്ചു.
“വലിയ ഒരു ദുരന്തമാണ് വയനാട്ടിൽ ഉണ്ടായിരിക്കുന്നത്. ദൈവീകമായിട്ടുള്ള ഒരു കാര്യമാണ് സേവാഭാരതി ചെയ്യുന്നത്. അഴുകിയ മൃതദേഹങ്ങൾ അടക്കം വളരെ ഭവ്യതയോടെ ദൈവീകമായ രീതിയിൽ അടക്കുകയാണ്. പറഞ്ഞറിയിക്കാൻ കഴിയില്ല. ഈ രക്ഷാപ്രവർത്തനത്തിനിടയിൽ മറ്റാർക്കും ചെയ്യാൻ കഴിയാത്ത തരത്തിലുള്ള പ്രവർത്തനമാണ് സേവാഭാരതി നടത്തുന്നത്”.
“ഇതിനകം 41 മൃതദേഹങ്ങൾ എല്ലാത്തരത്തിലുമുള്ള ബഹുമാനത്തോടെയും ആചാരത്തോടെയും സേവാഭാരതി സംസ്കരിച്ചു കഴിഞ്ഞു. ഇതുപോലെ തന്നെയാണ് സംഘപരിവാറിലെ എല്ലാ സംഘടനകളും ദുരിത മുഖത്ത് ഇടപെടുന്നത്. രക്ഷാപ്രവർത്തനത്തിനായി നിരവധി സ്വയംസേവകർ രംഗത്ത് വന്നിട്ടുണ്ട്. അവരുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്”-കെ സുരേന്ദ്രൻ പറഞ്ഞു.















