ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ ആദ്യ കുറ്റപത്രം സമർപ്പിച്ച് സിബിഐ. 13 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയിലും മറ്റ് ക്രമക്കേടുകളും പ്രതികൾക്ക് നേരിട്ട് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.
നിതീഷ് കുമാർ, അമിത് ആനന്ദ്, സിക്കന്ദർ യാദ്വേന്ദു, അശുതോഷ് കുമാർ-1, റോഷൻ കുമാർ, മനീഷ് പ്രകാശ്, അശുതോഷ് കുമാർ-2, അഖിലേഷ് കുമാർ, അവ്ദേശ് കുമാർ, അനുരാഗ് യാദവ്, അഭിഷേക് കുമാർ, ശിവാനന്ദൻ കുമാർ, ആയുഷ് രാജ് എന്നീ 13 പ്രതികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നൂതന ഫോറൻസിക് സാങ്കേതിക വിദ്യകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , സിസിടിവി ദൃശ്യങ്ങൾ, ടവർ ലൊക്കേഷൻ വിശകലനം തുടങ്ങിയവ പ്രതികൾക്കെതിരായ തെളിവുകൾ ശേഖരിക്കാൻ ഉപയോഗിച്ചതായി സിബിഐ അറിയിച്ചു. കേസിൽ ഇതുവരെ ബിഹാർ പോലീസ് അറസ്റ്റ് ചെയ്ത 15 പേർ ഉൾപ്പെടെ 40 പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് 58 സ്ഥലങ്ങളിൽ ഏജൻസി പരിശോധനയും നടത്തി. നിലവിൽ ആറ് എഫ്ഐആറുകളാണ് കേസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിദേശത്തുള്ള 14 നഗരങ്ങളിലടക്കം 571 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിൽ മെയ് അഞ്ചിനാണ് ഈ വർഷത്തെ നീറ്റ്-യുജി പരീക്ഷ നടന്നത്. ജൂൺ നാലിന് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പടെയുള്ള ആരോപണങ്ങൾ ഉയർന്നത്. ചിലയിടങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതിനുപിന്നാലെ കേസ് അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു.