മേപ്പാടി: മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനായി തെരച്ചിലിന് വിപുലമായ പദ്ധതി. ആറ് മേഖലകളായി തിരിച്ച് തെരച്ചിൽ ഊർജ്ജിതമാക്കും. 40 സംഘങ്ങളാണ് തെരച്ചിൽ നടത്തുകയെന്ന് സർക്കാർ വ്യക്തമാക്കി. ചൂരൽമലയിൽ ബെയ്‌ലി പാലം യാഥാർത്ഥ്യമായതോടെ തെരച്ചിലിന് ഇനി വേഗം കൈവരുമെന്നാണ് പ്രതീക്ഷ.
അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എൻഡിആർഎഫ്, ഡിഎസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.
ചാലിയാർ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയിൽ തെരച്ചിലും തുടങ്ങും. 40 കിലോമീറ്ററിൽ ചാലിയാറിന്റെ എട്ട് പൊലീസ് സ്റ്റേഷനുകളിലെ പരിധിയിൽ വരുന്ന പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധരായ നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തും. പൊലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തെരച്ചിൽ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും തെരച്ചിൽ നടത്തും.















