സമാനതകളില്ലാത്ത ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. രക്ഷാദൗത്യത്തിന്റെ ഓരോ നിമിഷത്തിലും മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെടുക്കുകയാണ്. ഉരുൾ ബാക്കിയാക്കിയ ഭയാനകമായ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അടുക്കള ഉപകരണങ്ങളും പുസ്തകവും ഫോട്ടോ ഫ്രെയിമുകളും ഐഡികാർഡുകളും ആധാർ കാർഡുകളും ഉൾപ്പടെയുള്ളവ അക്കൂട്ടത്തിലുണ്ടായിരുന്നു. അത്തരത്തിൽ ദുരന്തത്തിന്റെ ആദ്യ ദിനം മൂവർ സംഘത്തിന്റെ ഒരു ഫോട്ടോ എല്ലാവരുടെയും കണ്ണ് നനയിച്ചിരുന്നു.
തകർന്ന വീടിന്റെ ഭിത്തിയിൽ യുവാവും സഹോദരിമാരും ഉൾപ്പെടുന്ന ഫോട്ടോ ഫ്രെയിം. ഈ ഫോട്ടോ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ഇവർ ഉരുൾപ്പൊട്ടലിൽ മരണപ്പെട്ടുവെന്ന രീതിയിലും പ്രചാരണങ്ങൾ വ്യാപകമായിരുന്നു. എന്നാൽ താനും സഹോദരിമാരും സുരക്ഷിതരാണെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ധീരജ്. ദയവായി പ്രചരണം അവസാനിപ്പിക്കണമെന്നും ഭീതി പടർത്തരുതെന്നും ധീരജ് അപേക്ഷിക്കുകയാണ്. ധീരജും കുടുംബങ്ങളുമെല്ലാം ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ട് മരിച്ചുവെന്ന വാർത്തയോടപ്പമായിരുന്നു ഇത് ഷെയർ ചെയ്യപ്പെട്ടിരുന്നത്.
അപകടം നടക്കുന്ന സമയത്ത് സ്വന്തം വീട്ടിൽ നിന്ന് മാറി തറവാട് വീട്ടിലായിരുന്നു ധീരജും അമ്മയും. ഉരുൾപൊട്ടിയ ശബ്ദം കേട്ടയുടനെ അപകടം മണത്ത് ധീരജും അമ്മയും അടുത്തുള്ള കുന്നിലേക്ക് ഓടി കയറുകയായിരുന്നു. മറ്റ് കുടുംബാംഗങ്ങളും ഇവർക്കൊപ്പമുണ്ടായിരുന്നു. മണിക്കൂറുകളോളം മഴയിൽ നിന്ന് അവർ നേരം പുലർന്നപ്പോഴാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറിയത്. ഫോട്ടോയിൽ പ്രചരിച്ച സഹോദരിമാർ അപകടസമയം വീട്ടിൽ ഇല്ലായിരുന്നുവെന്നതും ആശ്വാസം.
ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്നവർ ഈ വാർത്ത കണ്ട് പരിഭ്രാന്തിയിലായിട്ടുണ്ടെന്നും ഫോട്ടോ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും ധീരജ് പറഞ്ഞു. പൂർണ്ണമായും തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ധീരജിന്റെ സഹോദരിയുടെ വിവാഹത്തിന് എടുത്ത ചിത്രമാണ് മലവെള്ളപ്പാച്ചിലിൽ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയത്. ധീരജും അമ്മ സുമിഷയും മേപ്പാടിയിലെ ദുരിതാശ്വാസ ക്യാപിലാണുള്ളത്. ധീരജിന്റെ മൂത്ത സഹോദരി ഭർതൃവീട്ടിലും ഇളയ സഹോദരി തിരുവനന്തപുരത്ത് പഠിക്കുകയുമാണ്. പ്രാണനും കൊണ്ട് ഓടുന്നതിനിടെ ധീരജിന്റെ ഫോൺ നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് കുടുംബം അപകടത്തിൽപെട്ടെന്ന് സംശയം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഉദിച്ചത്.















