തിയേറ്ററുകളിൽ ആവേശമായി മോഹൻലാലിന്റെ ദേവദൂതൻ 4K. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച പ്രേക്ഷക പ്രതികരണമാണ് ദേവദൂതൻ 4K യ്‌ക്ക് ലഭിക്കുന്നത്. ചിത്രത്തിലെ പല രംഗങ്ങളും ഗാനങ്ങളും വികാരനിർഭരമായാണ് പ്രേക്ഷകർ ആസ്വദിക്കുന്നത്. ചിത്രം റീ റിലീസിന് വരുന്നുവെന്ന് പ്രഖ്യാപിച്ചത് മുതൽ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.
4K ദൃശ്യമികവോടെ ബിഗ് സ്ക്രീനിൽ കണ്ടപ്പോൾ മറ്റൊരു സ്വപ്ന ലോകത്തേക്കാണ് ചിത്രം കൂട്ടിക്കൊണ്ടുപോയതെന്നും പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവമാണ് ചിത്രം സമ്മാനിച്ചതെന്നും പ്രേക്ഷകർ പറയുന്നു. ചിത്രത്തിലെ ഗാനങ്ങൾ അന്നും വലിയ ഹിറ്റായിരുന്നു. ഇന്ന് 4K ദൃശ്യമികവിൽ ഗാനങ്ങൾ എത്തിയതോടെ സമൂഹമാദ്ധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.
ജൂലൈ 26-നാണ് ദേവദൂതൻ റീ റിലീസ് ചെയ്തത്. മികച്ച പ്രീ റിലീസ് പബ്ലിസിറ്റിയോടെയാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിയത്. പ്രഖ്യാപനത്തിന് ശേഷം മോഹൻലാൽ പങ്കുവച്ച് പോസ്റ്ററുകളും ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. മികച്ച തിയേറ്റർ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നതെന്ന് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്.
ആദ്യ ആഴ്ച 56 തിയേറ്ററുകളിലാണ് പ്രദർശനം നടന്നത്. എന്നാൽ പ്രേക്ഷകർ ഏറ്റെടുത്തതോടെ 100 തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ തുടങ്ങി. രണ്ടാം ആഴ്ച തുടങ്ങിയപ്പോൾ 143 തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.















