ചെറുതുരുത്തി: ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട തൃശ്ശൂർ ചെറുതുരുത്തിക്കടുത്തുള്ള കൊറ്റമ്പത്തൂർ ഗ്രാമത്തിലെ ഒരു കൂട്ടം ജനങ്ങൾക്ക് പുനർജനി എന്ന പേരിൽ വീടുകൾ നിർമ്മിച്ച് നൽകിയ സേവനകഥ പങ്കുവച്ച് സേവാഭാരതി. തലചായ്‌ക്കാനൊരിടം എന്ന ആഗ്രഹം മാത്രമായി ജീവിച്ച 17 കുടുംബങ്ങൾക്കാണ് സേവാഭാരതി വീടുകൾ നിർമ്മിച്ച് നൽകിയത്. ‘പുനർജ്ജനി ഗ്രാമത്തെ സൃഷ്ടിച്ച സേവാഭാരതി’ എന്ന കുറിപ്പ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് പങ്കുവച്ചിരിക്കുന്നത്. ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഏറെ സാമൂഹ്യപ്രാധാന്യത്തോടെയാണ് സേവാഭാരതിയുടെ പ്രവർത്തനം വിലയിരുത്തപ്പെടുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം,
കൂടെയുണ്ട് സേവാഭാരതി
കൂടെയുണ്ടാകണം സജ്ജനം.
പുനർജ്ജനി ഗ്രാമത്തെ സൃഷ്ടിച്ച സേവാഭാരതി
6 വർഷം തികയുവാൻ പോകുന്നു. ഉറ്റവരും ഉടയവരും, കിടപ്പാടവും,കൂടപ്പിറപ്പുകളും, നഷ്ടപ്പെട്ട തൃശ്ശൂർ ചെറുതുരുത്തിക്കടുത്തുള്ള കൊറ്റമ്പത്തൂർ ഗ്രാമത്തിന്റെ കറുത്ത ദിനം. ഉരുൾപ്പൊട്ടൽ എന്ന ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട നിസ്സഹായരവരുടെ മുന്നിൽ പ്രത്യക്ഷ ദൈവമായി സേവാഭാരതി അവതരിക്കുകയായിരുന്നു. വിശക്കുന്നവന്റെ മുന്നിൽ അന്നമായെത്തുന്ന ഈശ്വരനെപ്പോലെ, കൊറ്റമ്പത്തൂരിലെ മനുഷ്യജീവനുകൾക്കു മുന്നിൽ കൽപതരുവായിട്ടാണ് സേവാഭാരതി ചെന്നത്. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായുള്ളവർ, അത്താണികൾ നഷ്ടപ്പെട്ട മാതാപിതാക്കളും ഇനിയെന്ത് എന്ന ചോദ്യചിഹ്നമായി സങ്കടക്കടലിൽ കഴിയുമ്പോൾ സേവനത്തിന്റെ നിറകുംഭമായി # കൂടെയുണ്ട് സേവാഭാരതി ‘ എന്ന വിശ്വസ്ത വചനവുമായി അവരിലേയ്‌ക്ക് എത്തുകയായിരുന്നു. അവർക്ക് ആഗ്രഹം ഒന്നേയുണ്ടായിരുന്നുള്ളൂ.റോഡിന്റെ കടത്തിണ്ണകളിലും, പെരുവഴിയിലും താമസിക്കാനുള്ള സാഹചര്യം ഉണ്ടാകരുത്.
‘തലചായ്‌ക്കാനൊരിടം’ വേണം. വീട് നിന്നിരുന്ന സ്ഥലത്ത് ഇനി വാസയോഗ്യമല്ല എന്ന് ഗവ: ഉത്തരവ്.
സേവാഭാരതിയ്‌ക്ക് രണ്ട് ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വന്നു. വീട് വെച്ചു കൊടുക്കണമെങ്കിൽ ഭൂമി വാങ്ങണം. ഭൂമി വാങ്ങി അതിൽ വീട് വെച്ചു കൊടുക്കണം.
സജ്ജനങ്ങളും, സേവാഭാരതിയുടെ സേവനത്തെ ഹൃദയത്തിൽ മുദ്ര ചാർത്തിയവരുമായിരുന്നു സേവാഭാരതിയുടെ കൈത്താങ്ങ്.
17 കുടുംബങ്ങൾക്ക് 4 സെന്റ് ഭൂമിയും,750 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സുന്ദരമായ വീടും രണ്ടേ രണ്ടു വർഷം കൊണ്ട് നിർമ്മിച്ചു കൊടുത്തു.കൂടെ നിൽക്കാനും, സഹായങ്ങൾ നീട്ടാനും, നമ്മളെ
വിശ്വസിക്കാനുമുള്ള ഒറ്റ കാരണം ‘ സേവാഭാരതി ‘ എന്ന പഞ്ചാക്ഷരി തന്നെ ..
ചിത്രം: പുനർജ്ജനി എന്ന നാമധേയത്തിൽ വീടുകൾ നിർമ്മിച്ച് 17 കുടുംബങ്ങൾക്ക് താക്കോൽ കൈമാറിയത്.
സേവനം സേവാഭാരതിയിലൂടെയാവട്ടെ…















