വയനാട്: മാധവ് ഗാഡ്ഗിൽ ശാസ്ത്രീയമായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ കോലം കത്തിച്ചവരാണ് കേരളത്തിലുള്ളവരെന്ന് സ്വാമി ചിദാനന്ദപുരി. തെറ്റായ വികസന മാതൃകകളുടെ ദുഷ്‌പരിണാമമാണ് വയനാട്ടിലെ ദുരന്തമെന്ന് ഇനിയെങ്കിലും കേരളം മനസിലാക്കണമെന്ന് സ്വാമി പറഞ്ഞു. വയനാട്ടിലെ ദുരന്തബാധിത മേഖല സന്ദർശന വേളയിൽ ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് മാധവ് ഗാഡ്ഗിൽ ശാസ്ത്രീയമായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചപ്പോൾ കരിങ്കൽ ക്വാറി മാഫിയകളും മതവിദ്വേഷികളും ചേർന്ന് അദ്ദേഹത്തിന്റെ കോലം കത്തിക്കുകയാണ് ചെയ്തത്. പരിസ്ഥിതി സൗഹൃദ വികസനത്തിനുവേണ്ടി വാദിച്ച പി ടി തോമസിന്റെ ശവയാത്ര നടത്തിയവരാണ് കേരളത്തിലുള്ളവർ. അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയ മേഖലകളിലാണ് ഇന്ന് ഈ ദുരന്തങ്ങൾ സംഭവിച്ചിരിക്കുന്നതെന്ന യാഥാർഥ്യം നമ്മൾ ഓർക്കണമെന്നും ചിദാനന്ദപുരി പറഞ്ഞു. ദുരന്തം നടക്കുമ്പോൾ കരയുകയും ശേഷം അത് മറക്കുകയും ചെയ്യുന്ന നിലപാട് മാറ്റി മലയോര മേഖലകളിലെ അനധികൃത ഖനനങ്ങളും നിർമ്മാണ പ്രവർത്തങ്ങളും നിർത്താൻ സർക്കാർ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിലെ തന്നെ ഏറ്റവും അധികം ഉരുൾപൊട്ടലുകൾ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. ഇത്രവലിയ നാശനഷ്ടവും ആളപായവും ദുരിതവും വിതച്ച ഒരു ദുരന്തം കേരളത്തിൽ ആദ്യമായിട്ടാണ്. കേന്ദ്ര സേനയുടെയും ദുരന്ത നിവാരണ വിഭാഗങ്ങളുടെയും സേവാഭാരതിപോലുള്ള പ്രസ്ഥാനങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ട് രക്ഷാദൗത്യം നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.















