ന്യൂഡൽഹി: വയനാട്ടിലെ ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ തീരസംരക്ഷണ സേനയും. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ജില്ലാ ആസ്ഥാനവും, ഐസിജി സ്‌റ്റേഷൻ ബേപ്പൂരും സംയുക്തമായാണ് ദുരന്ത നിവാരണ സേനാംഗങ്ങളെ വയനാട്ടിലേക്ക് അയച്ചത്. ദുരന്തത്തിൽ അകപ്പെട്ടവർക്ക് അടിയന്തര സഹായങ്ങൾ ഉറപ്പാക്കുമെന്ന് സേനാംഗങ്ങൾ അറിയിച്ചു.
മികച്ച പരിശീലനം ലഭിച്ച ഐസിജി ഉദ്യോഗസ്ഥരും മെഡിക്കൽ ടീമുമാണ് വയനാടിന് കൈത്താങ്ങാവുന്നത്. രക്ഷാപ്രവർത്തനത്തിനായി റബ്ബർ ബോട്ടുകൾ, ബൂട്ടുകൾ, ഡീസൽ പമ്പുകൾ, റെയിൻകോട്ടുകൾ, മരുന്നുകൾ, വെള്ളം, ലൈഫ് ജാക്കറ്റുകൾ, മണ്ണ് നീക്കം ചെയ്യാൻ സഹായിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾ പക്കലുണ്ടെന്നും തീരദേശ സംരക്ഷണ സേന പറഞ്ഞു. ദുരിത ബാധിതരായ ജനങ്ങൾക്ക് മരുന്നുകളും, കുടിവെള്ളവും, ഭക്ഷണവും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ അയച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും മണ്ണിടിച്ചിലിൽ നിന്നും രക്ഷപ്പെട്ടവർക്കായി സഹായങ്ങൾ എത്തിക്കുന്നതിനും ഇന്ത്യൻ കോസ്റ്റ് ഗാർഡ് പ്രതിജ്ഞാബദ്ധരാണ്. ദുരന്ത മേഖലയിലുള്ളവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിതമായി മാറി താമസിക്കണം. ദുരിത ബാധിത മേഖലയ്‌ക്ക് ആവശ്യമായ സഹായങ്ങളെല്ലാം എത്തിക്കുമെന്നും തീരസംരക്ഷണ സേനാംഗങ്ങൾ വ്യക്തമാക്കി.















