ഭൂമിയിൽ വിഷമുള്ള ജീവികളും വിഷമില്ലാത്ത ജീവികളുമുണ്ട്. വിഷ ജീവികൾ പലതും ഉപദ്രവകാരികളാണെങ്കിലും ഇതിൽ ചില വിരുതന്മാരുടെ വിഷം മരുന്ന് നിർമാണത്തിന് ഉപയോഗിക്കാറുണ്ട്. അത്തരം ഏതാനും ജീവികളെ പരിചയപ്പെടാം..
അണലി
ഇഴജന്തുക്കളിൽ ഏറ്റവും കൂടുതൽ വിഷം അടങ്ങിയിട്ടുള്ള വിഷപാമ്പുകളിലൊന്നാണ് അണലി. എന്നാൽ ചിലയിനം അണലികളുടെ വിഷത്തിൽ അടങ്ങിയിരിക്കുന്ന ഹെമോട്ടോക്‌സിനുകൾ രക്തം കട്ട പിടിക്കുന്നത് തടയാൻ ശേഷിയുള്ളവയാണ്. അണലി വിഷത്തിൽ നിന്ന് വേർതിരിക്കുന്ന ന്യൂറോടോക്‌സിനുകൾ അൽഷിമേഴ്സ്, പാർക്കിൻസൺ എന്നീ രോഗങ്ങളുടെ ചികിത്സയ്‌ക്ക് ഉപയോഗിക്കാറുണ്ട്. പക്ഷാഘാതം പോലുള്ള രോഗങ്ങളുടെ ചികിത്സയ്‌ക്കായി മലയൻ പിറ്റ് വൈപ്പറിന്റെ വിഷവും ഉപയോഗിക്കുന്നു.
തേൾ
കാൻസർ കോശങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഘടകം തേളിന്റെ വിഷത്തിൽ അടങ്ങിയിരുന്നു. ക്ലോറോടോക്‌സിൻ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിലെ പെപ്‌റ്റൈഡ് ഘടകം കാൻസർ കോശങ്ങളോട് ഒട്ടിച്ചേരുകയും അവയെ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ ബ്രെയിൻ ട്യൂമർ പോലുള്ള ചികിത്സയ്‌ക്ക് ഈ വിഷം ഉപയോഗിക്കാറുണ്ട്.
തേനീച്ച
തേനീച്ചയുടെ വിഷത്തിൽ മെലിറ്റിൻ എന്ന ഘടകം അടങ്ങിയിരുന്നു. ഇത് ആന്റിബയോട്ടിക്കുകളുടെ നിർമാണത്തിനായി ഉപയോഗിക്കുന്നു.
ശംഖ്
ശംഖുകളുടെ വർഗത്തിൽപ്പെട്ട കോൺസ്‌നയിൽസ് എന്നറിയപ്പെടുന്ന ജീവി ഇരപിടിക്കാൻ ഉത്പാദിപ്പിക്കുന്ന വിഷത്തിൽ അമിനോ ആസിഡ് പെപ്‌റ്റൈഡുകൾ അടങ്ങിയിരുന്നു. ഇവ വേർതിരിച്ചു വേദനസംഹാരികളായി ഉപയോഗിക്കുന്നു.