ന്യൂഡൽഹി: എഎപി രാജ്യസഭാ എംപി സ്വാതി മാലിവാളിനെ മർദ്ദിച്ച കേസിൽ പ്രതിയായ ബൈഭവ് കുമാറിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബൈഭവ് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ അദ്ധ്യക്ഷനായ ബെഞ്ചിൻേതാണ് തീരുമാനം.
സംഭവം നടന്ന് മൂന്ന് ദിവസം വൈകിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും നോട്ടീസ് നൽകാതെ നിയമവിരുദ്ധമായാണ് കെജ്‌രിവാളിന്റെ സഹായി ബൈഭവിനെ അറസ്റ്റ് ചെയ്തതെന്നുമായിരുന്നു ബൈഭവ് കുമാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരന്റെ വാദം.
അതേസമയം അറസ്റ്റ് മെമ്മോയിൽ അറസ്റ്റ് ചെയ്യുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കിയിരുന്നുവെന്നും റിമാൻഡ് അപേക്ഷയിലുൾപ്പെടെ ഇത് നൽകിയിരുന്നുവെന്നും അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രതിയുടെ ഭാര്യയെ അറിയിച്ചിരുന്നതായും ഡൽഹി പൊലീസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും മുൻ അഡിഷണൽ സോളിസിറ്റർ ജനറലുമായ സഞ്ജയ് ജെയിൻ കോടതിയെ അറിയിച്ചു.
മെയ് 13 നാണ് ആം ആദ്മി എംപി സ്വാതി മാലിവാളിനെ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ വസതിയിൽ വച്ച് കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിക്കുന്നത്. ആക്രമണത്തിൽ മാലിവാളിന് പരിക്കുകൾ ഉള്ളതായുള്ള മെഡിക്കൽ റിപ്പോർട്ടും പുറത്തുവന്നിരുന്നു. തുടർന്ന് മാലിവാളിന്റെ പരാതിയിൽ പൊലീസ് കേസെടുക്കുകയും ബൈഭവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.