മേപ്പാടി: മുണ്ടക്കൈ ടോപ്പിൽ ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മനുഷ്യസാന്നിദ്ധ്യമുണ്ടെന്ന സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നിരാശ. രാത്രി വൈകിയും തുടർന്ന പരിശോധന ഒൻപത് മണിയോടെയാണ് അവസാനിപ്പിച്ചത്. ജീവനുളള വസ്തുക്കളുടെയും മനുഷ്യരുടെയും സാന്നിദ്ധ്യം തിരിച്ചറിയുന്ന സ്‌കാനറിൽ സിഗ്നൽ തെളിഞ്ഞതോടെയാണ് സ്ഥലത്ത് മനുഷ്യർ കുടുങ്ങിക്കിടക്കുന്നതായി സംശയം തോന്നിയത്.
ഉരുൾപൊട്ടലിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്. ലഭിച്ച സിഗ്‌നൽ പാമ്പിന്റെയോ തവളയുടെയോ മറ്റേതെങ്കിലും ജീവികളുടെയോ ആയിരിക്കാമെന്ന നിഗമനത്തിൽ രാത്രിയോടെ പരിശോധക സംഘം എത്തുകയായിരുന്നു. വൈകിട്ടാണ് ഇവിടെ നിന്നും സിഗ്നൽ കിട്ടിയത്. പ്രാഥമിക പരിശോധനകളിൽ ഒന്നും കണ്ടെത്താനായില്ലെങ്കിലും ആ വീട്ടിൽ താമസിച്ചിരുന്ന മൂന്ന് പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നത് സംശയം വർദ്ധിപ്പിച്ചു. തുടർന്നാണ് രണ്ടാമത് വീണ്ടും സ്ഥലത്ത് പരിശോധന നടത്തിയത്. ശ്വാസഗതിയുടെയും ചെറിയ അനക്കങ്ങളും കണ്ടെത്തുന്ന പരിശോധനാ സംവിധാനമായിരുന്നു ഉപയോഗിച്ചത്.
ലഭിച്ച സിഗ്നൽ ശ്വാസഗതിയുടേതാണെന്ന് ഉറപ്പിച്ചതോടെ രാത്രിയിൽ ലൈറ്റുകൾ ഉൾപ്പെടെ എത്തിച്ച് സൈന്യത്തിന്റെ സഹായത്തോടെ പരിശോധന നീട്ടുകയായിരുന്നു. രാത്രിയോടെ രണ്ട് മണ്ണുമാന്തി യന്ത്രം കൂടി എത്തിച്ചായിരുന്നു പരിശോധന. കെട്ടിടത്തിനടിയിൽ മനുഷ്യജീവനാകാമെന്ന് സംശയം ഉയർന്നതോടെ മുണ്ടക്കൈയിൽ ആംബുലൻസ് അടക്കം സജ്ജമായിരുന്നു. തകർന്നു കിടക്കുന്ന കെട്ടിടത്തിന് 3 മീറ്റർ താഴ്ചയിൽ വരെ പരിശോധിച്ചു. ഒന്നും കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് പാമ്പിന്റെയോ തവളയുടെയോ എലിയുടെയോ സാന്നിദ്ധ്യമാകാം സിഗ്നലിൽ തെളിഞ്ഞതെന്ന നിഗമനത്തിൽ എത്തിയത്.