ദിസ്പൂർ: പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സ്വന്തം കാര്യം മാത്രം ആലോചിച്ച് ആശങ്കപ്പെടാതെ വയനാട്ടിലെ ജനങ്ങളെ കുറിച്ച് ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആ നാടിലെ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച് വന്നതാണെന്ന് വിസ്മരിക്കരുതെന്നും ഹിമനന്ത ബിശ്വ ശർമ ഓർമിപ്പിച്ചു.
ഇഡിയെ കുറിച്ച് പറയുന്നതിന് പകരം വയനാട്ടിലെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളെ കുറിച്ച് വേണം രാഹുൽ ആശങ്കപ്പെടാൻ. അദ്ദേഹത്തിന്റെ ലോകസ്ഭ മണ്ഡലമായിരുന്നതിനാൽ തന്നെ ഏറെ ഉത്തരവാദിത്വവും രാഹുലിനുണ്ട്. പ്രിയപ്പെട്ടവരും ആയുഷ്കാല സമ്പാദ്യവും നഷ്ടമായി ജീവൻ മാത്രമാണ് അവർക്ക് സ്വന്തമായിട്ടുള്ളത്. അപ്പോൾ തന്നെ കുറിച്ചല്ല, ആ ജനങ്ങളെ കുറിച്ചാകണം ചിന്തിക്കേണ്ടത്.
കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇഡി റെയ്ഡ് നടത്താൻ പദ്ധതിയിടുന്നുവെന്ന് രാഹുൽ പറഞ്ഞത്. ചായയും ബിസ്‌ക്കറ്റും തയ്യാറാക്കി അവരെ കാത്തിരിക്കുകയാണെന്നും രാഹുൽ പരിഹസിച്ചു. എക്‌സിൽ ഇഡിയെ ടാഗ് ചെയ്തായിരുന്നു പരാമർശം. പ്രധാനമന്ത്രി ഇന്ത്യക്കാരെ പുതിയകാലത്തെ ചക്രവ്യൂഹത്തിൽ അകപ്പെടുത്തിയിരിക്കുകയാണെന്നായിരുന്നു രാഹുലിന്റെ വിമർശനം.
മഹാഭാരതത്തിൽ ആറ് പേർ ചേർന്നാണ് അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ അകപ്പെടുത്തി കൊലപ്പെടുത്തിയത്. അതിന് നേതൃത്വം നൽകിയത് ആറ് പേരായിരുന്നു. സമാനമായി ഇന്നും ആറ് പേരാണ് മുഖ്യകേന്ദ്രത്തിലുള്ളത്. നരേന്ദ്രമോദി, അമിത് ഷാ, മോഹൻ ഭാഗവത്, അജിത് ഡോവൽ, അംബാനി, അദാനി എന്നിവരാണത്. അഭിമന്യുവിന് എന്തു സംഭവിച്ചോ അതു തന്നെ ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും സംഭവിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുലിന്റെ വിവാദ പ്രസ്താവന.















