ന്യൂഡൽഹി: അയോദ്ധ്യയിലെ റിംഗ് റോഡ് ഉൾപ്പെടെ എട്ട് പ്രധാന ഹൈവേ പ്രൊജക്ടുകൾക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും തിരക്ക് കുറയ്‌ക്കുന്നതിനും രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുമായാണ് 936 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റോഡ് കോറിഡോർ പദ്ധതികൾ നടപ്പിലാക്കുന്നത്. 50,655 കോടി രൂപയാണ് പദ്ധതികളുടെ ആകെ ചിലവ്.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. ആറുവരിപ്പാതയുള്ള ആഗ്ര-ഗ്വാളിയോർ ദേശീയ അതിവേഗ കോറിഡോർ, നാലുവരിപ്പാതയായ ഖരഗ്പൂർ-മോറെഗ്രാം ദേശീയ അതിവേഗ കോറിഡോർ, ആറുവരിപ്പാതയായ തരദ്-ദീസ-മെഹ്സാന അഹമ്മദാബാദ് ദേശീയ അതിവേഗ കോറിഡോർ, നാലുവരിപ്പാതയായ അയോദ്ധ്യ റിങ് റോഡ്, റായ്‌പൂർ-റാഞ്ചി ദേശീയ അതിവേഗ കോറിഡോറിൽ ഉൾപ്പെടുന്ന പഥൽഗാവിനും ഗുംലയ്‌ക്കും ഇടയിലുള്ള അഞ്ചുവരിപ്പാത, ആറ്-വരി കാൺപൂർ റിംഗ് റോഡ്, നാല്-വരി വടക്കൻ ഗുവാഹത്തി ബൈപ്പാസ്, നിലവിലുള്ള ഗുവാഹത്തി ബൈപ്പാസിന്റെ വീതി കൂട്ടൽ, പൂനെയ്‌ക്ക് സമീപമുള്ള എട്ട് വരിപ്പാതയായ നാസിക് ഫാറ്റ – ഖേദ് കോറിഡോർ എന്നിവയാണ് കേന്ദ്രമന്ത്രിസഭാ അംഗീകരിച്ച പദ്ധതികൾ.
പുതിയ വികസനപദ്ധതികൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്നും തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ എട്ട് സുപ്രധാന പദ്ധതികളുടെ നടത്തിപ്പിലൂടെ പ്രത്യക്ഷമായും പരോക്ഷമായും 4.42 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. അടിസ്ഥാന സൗകര്യ വികസനം ഒരു രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയുടെ അടിത്തറയാണ്. പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് അത് നിർണായകമാണ്. അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുന്ന തുക ജിഡിപിയിൽ 2.5-3 മടങ്ങ് വരെ പ്രതിഫലനമുണ്ടാക്കാൻ സഹായിക്കുന്നതായും സർക്കാർ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.















