തിരുവനന്തപുരം: ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലയിടത്തായി കുടുങ്ങിയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. പരമാവധി ജീവൻ രക്ഷിക്കാനായിരുന്നു ആദ്യത്തെ ശ്രമം. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിലമ്പൂർ മേഖലയിൽ നിന്നും കണ്ടെത്തുന്നവരെ തിരിച്ചറിയാൻ പ്രയാസപ്പെടുകയാണ്. ഇതുവരെ 215 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 87 സ്ത്രീകൾ, 98 പുരുഷന്മാർ 30 കുട്ടികൾ. 206 പേരെ കണ്ടെത്താനുണ്ട്. 81 പേർ ചികിത്സയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നിലവിൽ വയനാട്ടിൽ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേർ കഴിയുന്നു. രാവിലെ 7 മണി മുതൽ തെരച്ചിൽ ആരംഭിച്ചു. ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള റഡാർ സംവിധാനം ഇപ്പോൾ ഉണ്ട്. ഇതുപയോഗിച്ച് 16 അടി താഴ്ചയിൽ വരെ ജീവന്റെ തുടിപ്പ് കണ്ടെത്താനാവും. മൃതദേഹം കണ്ടെത്താനുള്ള റഡാർ സംവിധാനം ഉടനെത്തിക്കും. ചാലിയാറിൽ അടക്കം തെരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അഗ്നിശമന സേന, ദേശീയദുരന്ത നിവാരണസേന, വനം വകുപ്പ്, പൊലീസ്, സൈനികർ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം,വെള്ളാർമല,എന്നിവിടങ്ങളിൽ നടത്തിയ തെരച്ചിലിൽ 11 മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പൊലീസ് നായയുടെ സഹായത്താലും പരിശോധന തുടരുകയാണ്.
മനുഷ്യനാണ് നാം ഏവരും എന്ന സാഹോദര്യത്തിന്റെയും മാനവികതയുടെയും പതറാത്ത ബോധ്യമാണ് ഇന്ന് കേരളത്തിൽ മുഴങ്ങുന്നത്. റഡാർ പരിശോധന തുടരും. വിവിധ വകുപ്പുകളെയും അദ്ദേഹം പ്രശംസിച്ചു. മതപരമായ ചടങ്ങുകൾ നടത്തണമെന്ന് നിരവധി ആളുകൾ ആവശ്യപ്പെട്ടതിനാൽ സംസ്കാര ചടങ്ങിൽ സർവ്വമത പ്രാർത്ഥന നടത്താൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ഒരു ടൗൺഷിപ്പ് നിർമ്മിച്ച് പുനരധിവാസം നടത്താനാണ് തീരുമാനം. വെള്ളാർമല സ്കൂൾ പൂർണ്ണമായും നശിച്ചതിനാൽ പഠനത്തിന് ബദൽ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യാൻ ധന സെക്രട്ടറിയുടെ കീഴിൽ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം ഒരുക്കും. ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്ന പണം ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി ദുരിതാശ്വാസ നിധി ക്യു ആർ കോഡ് മരവിപ്പിച്ചു. പകരം നമ്പർ സംവിധാനം ഏർപ്പെടുത്തി. ഇത് കോഡിനേറ്റ് ചെയ്യാൻ മുൻ വയനാട് കലക്ടറും ജോയിൻ ലാൻഡ് റവന്യൂ കമ്മീഷണർ എ.ഗീത ഐഎഎസിന്റെ കീഴിൽ ഹെൽപ് ഫോർ വയനാട് സെൽ രൂപീകരിച്ചു. ഇമെയിൽ – letushelpwayand@gmail.com. എന്തെങ്കിലും തരത്തിൽ സഹായം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടുന്നതിനാണ് ഇ മെയിൽ. ഇത് കൂടാതെ പ്രത്യേക കോൾ സെന്റർ നമ്പറും രൂപീകരിച്ചിട്ടുണ്ട്. 9188940014, 9188940015 എന്നിവയാണ് നമ്പറുകൾ.
തീവ്രമഴ മുന്നറിയിപ്പിനെ കുറിച്ച് പ്രത്യേകമായൊരു പഠനം നടത്താൻ കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നും നിരവധിപേർ സഹായം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. മോഹൻലാൽ സൈനിക വേഷത്തിലെത്തി ദുരന്ത മേഖല സന്ദർശിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.