കോയമ്പത്തൂർ: അണലിയുടെ കടിയേറ്റ പാമ്പു പിടിത്തക്കാരൻ മരിച്ചു. കോയമ്പത്തൂർ നഗരത്തിൽ 15 വർഷത്തിലേറെയായി പാമ്പുകളെ പിടികൂടുന്ന എസ്. മുരളി എന്ന 44 കാരനാണ് അണലിയെ പിടികൂടാനുള്ള ശ്രമത്തിനിടെ കടിയേറ്റ് മരിച്ചത്. നഗരത്തിലെ കളപ്പ നായ്‌ക്കൻ പാളയത്തെ പ്രിൻ്റിംഗ് യൂണിറ്റിൽ വെച്ചാണ് ഇദ്ദേഹത്തിന് കടിയേറ്റത്.
ഇടയാർപാളയം രാജീവ്ഗാന്ധി സ്ട്രീറ്റിൽ താമസിക്കുന്ന എസ്.മുരളി ചെറിയ ജോലികൾ ചെയ്തിരുന്നതായും ഇടവേളകളിൽ പാമ്പുകളെ രക്ഷിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. ഭാര്യ ടെക്സ്റ്റൈൽ ഷോറൂമിൽ സെയിൽസ് വുമണായി ജോലി ചെയ്തു വരുന്നു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ പാമ്പിനെ കണ്ടതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് മുരളി കളപ്പ നായ്‌ക്കൻ പാളയത്തെ പ്രിൻ്റിംഗ് യൂണിറ്റിലെത്തി.
പ്രിൻ്റിംഗ് യൂണിറ്റിനുള്ളിൽ രണ്ട് അണലികളെ കണ്ടെത്തിയ മുരളിക്ക് ഒരെണ്ണത്തിനെ പിടികൂടി റെസ്ക്യൂ ബാഗിലേക്ക് മാറ്റാൻ സാധിച്ചതായും പോലീസ് പറഞ്ഞു. എന്നാൽ രണ്ടാമത്തെ പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ വലതുകാലിന് കടിയേൽക്കുകയായിരുന്നു.
കടിയേറ്റതിന് ശേഷവും രണ്ടാമത്തെ പാമ്പിനെ ബാഗിലേക്ക് മാറ്റി. പക്ഷെ തുടർന്ന് മുരളി ബോധരഹിതനായി വീണു. പ്രിൻ്റിംഗ് യൂണിറ്റിലെ ജീവനക്കാർ ഉടൻ തന്നെ സർക്കാർ ആംബുലൻസിൽ വിവരമറിയിച്ചു. എന്നാൽ, ആംബുലൻസ് സംഭവസ്ഥലത്ത് എത്തും മുമ്പ് മുരളി മരിച്ചു.
വിവരമറിഞ്ഞ് വടവള്ളി പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മുരളി രക്ഷപ്പെടുത്തിയ പാമ്പുകളെ കാട്ടിലേക്ക് തുറന്നുവിട്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർപറഞ്ഞു.















