മലപ്പുറം:കാണാതായവർക്കായി തിരഞ്ഞുള്ള യാത്രയ്‌ക്കിടെ വനത്തിൽ കുടുങ്ങിയ മൂന്നു യുവാക്കളെയും രക്ഷപ്പെടുത്തി ദൗത്യസംഘം. പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്സിന്‍ എന്നിവരാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ കുടുങ്ങിയത്. ഇവരില്‍ രണ്ട് പേരെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. ഒരാള്‍ മറുകരയിലേക്ക് നീന്തിയെത്തി.
വനത്തിൽ കുടുങ്ങിയത് അറിഞ്ഞ് ആദ്യം പൊലീസിന്റെ സംഘമാണ് ഇവിടെ എത്തിയത്.വടം ഉപയോഗിച്ച് യുവാക്കളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് എയർ ലിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. മൂവർക്കും വൈദ്യ സഹായവും നൽകിയിട്ടുണ്ട്. പരിശോധനക്ക് ശേഷം ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇവർ സൂചിപ്പാറ വനമേഖലയിലേക്ക് പോയത്. അപകട ഭീഷണിയുള്ള സ്ഥലത്താണ് മൂന്നുപേരും കുടുങ്ങിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട പലരുടെയും മൃതദേഹം ഇവിടെയുണ്ടെന്നും പോലീസ് ഇവിടേക്ക് എത്തുന്നില്ലെന്നും ആരോപിച്ച് പോയവരാണ് കുടുങ്ങിയതെന്നാണ് വിവരം. ആ പ്രദേശത്ത് പേകരുതെന്ന് നിർദ്ദേശം അധികൃതർ നൽകിയെങ്കിലും ഇതിനെ അവഗണിച്ചുകൊണ്ടാണ് മൂവർ സംഘം പോയത്. ദുരന്ത പ്രദേശത്ത് സജീവ രക്ഷാപ്രവർത്തനത്തിന് മൂന്നുയുവാക്കളും ഏർപ്പെട്ടിരുന്നു.















