വയനാട്: കയ്യും മെയ്യും മറന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സേവാഭാരതിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സിഎസ്‌ഐ ഓൾ ഇമ്മാനുവൽ ചർച്ചിലെ പുരോഹിതൻ. ജാതി-മത രാഷ്‌ട്രീയമില്ലാതെ വയനാടിനായി കൈകോർക്കുന്ന ഓരോ മനുഷ്യർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മികച്ച രീതിയിലാണ് സേവാഭാരതി വയനാട്ടിലേക്കുള്ള സഹായങ്ങൾ എത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് എല്ലാം മറന്ന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഉദ്യമത്തിലാണ് വയനാട്ടുകാർ. വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ വയനാട്ടിലേക്ക് സഹായങ്ങൾ എത്തിക്കുന്നുണ്ട്. ദുന്തങ്ങളുണ്ടാവുമ്പോഴാണ് മനുഷ്യത്വം തിരിച്ചറിയാൻ എല്ലാവർക്കും സാധിക്കുന്നത്. അത്തരത്തിൽ ജാതിയും മതവും രാഷ്‌ട്രീയവും നോക്കാതെയാണ് ഓരോരുത്തരും വയനാടിനായി പ്രവർത്തിക്കുന്നത്.
സേവാഭാരതിയെ കുറിച്ചുള്ള തെറ്റിദ്ധാരണയാണ് ഇതിലൂടെ മാറിയത്. ഓരോ പ്രവർത്തനങ്ങളും അവർ കൃത്യതയോടെയും വളരെയധികം അച്ചടക്കത്തോടെയും ചെയ്യുന്നു. എല്ലാ അതിർവരുമ്പുകൾക്കും അപ്പുറമുള്ള സഹായങ്ങളും സഹകരണവുമാണ് നൽകുന്നതെന്നും പുരോഹിതൻ പറഞ്ഞു. സേവാഭാരതിക്ക് ചെയ്ത് നൽകാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും ദേവാലയത്തിൽ ഒരുക്കി നൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുമയോടെ ഒന്നിച്ച് അതിജീവിക്കാനുള്ള പോരാട്ടമാണ് വയനാടിൽ കാണുന്നത്. അതിനായി സഹായിക്കുന്ന ഓരോരുത്തർക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.