തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതബാധിതരെ സഹായിക്കുന്നതിനായി സിപിഎം എംപിമാരും എംഎൽഎമാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം കൈമാറും. സമൂഹമാദ്ധ്യമങ്ങളിലൂടെ ആണ് സിപിഎം ഇക്കാര്യം അറിയിച്ചത്.
എംപിമാരായ കെ. രാധാകൃഷ്ണൻ, ബികാഷ് രഞ്ചൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസൻ, എ.എ റഹിം, സു വെങ്കിടേശൻ, ആർ സച്ചിതാനന്തം എന്നിവർ മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതമാണ് സംഭാവന ചെയ്യുക. സിപിഎം എംഎൽഎമാർ മാസ വേതനമായ 50,000 രൂപ വീതവും ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം ഈ മാസം 10, 11 തീയതികളിൽ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ഇരിക്കുകയാണ്. പ്രളയകാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച പണം വേണ്ട രീതിയിൽ വിനിയോഗിച്ചില്ലെന്ന വിമർശനം ശക്തമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇത്തവണ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് ആവശ്യപ്പെടുന്ന ക്യാമ്പെയ്‌നുകൾ സമൂഹമാദ്ധ്യമങ്ങളിലടക്കം സജീവമാണ്.
പാർട്ടി സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകിയിരുന്നു. സിപിഎം തമിഴ്‌നാട്, ത്രിപുര സംസ്ഥാന കമ്മിറ്റികളും നേരത്തെ 10 ലക്ഷം രൂപ വീതവും നൽകിയിരുന്നു.